ശത കോടി ബോളിവുഡ് പടങ്ങള്‍ തവിടുപൊടി, രായനും എത്തിയില്ല: കത്തിക്കയറി ഹോളിവുഡ് ചിത്രം, വിസ്മയ കളക്ഷന്‍ !
മൂന്നാം വാരത്തിലേക്ക് കടക്കാനിരിക്കുന്ന ചിത്രം ഇന്ത്യയില്‍ ഇതിനകം 100 കോടി കളക്ഷന്‍ കടന്നു.
മുംബൈ: ഹോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍റെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്. മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രവുമാണ്. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷോന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്ത്യയിലും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണെന്ന് പറയാം.
മൂന്നാം വാരത്തിലേക്ക് കടക്കാനിരിക്കുന്ന ചിത്രം ഇന്ത്യയില്‍ ഇതിനകം 100 കോടി കളക്ഷന്‍ കടന്നു. ഇത്തവണ ഇറങ്ങിയ വന്‍കിട ബോളിവുഡ് ചിത്രങ്ങളെക്കാള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ധനുഷിന്‍റെ രായന്‍, അജയ് ദേവ്ഗൺ, തബു ഒന്നിച്ച ഔറോൺ മേ കഹൻ ദം ഥാ എന്നിവയുടെ ഇന്ത്യന്‍ കളക്ഷനെ ഈ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം മറികടന്നിട്ടുണ്ട്യ ഡെഡ്‌പൂൾ ആന്‍റ് വോൾവറിൻ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രങ്ങളിൽ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ഡെഡ്‌പൂൾ ആന്‍റ് വോൾവറിൻ ഈ വർഷത്തെ ഒട്ടുമിക്ക ബോളിവുഡ് ചിത്രങ്ങളുടെയും ലൈഫ് ടൈം കളക്ഷനുകളെ മറികടന്നു കഴിഞ്ഞു സാക്നില്‍.കോം കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്നും 14 ദിവസത്തില്‍ 117 കോടിരൂപ നേടിയിട്ടുണ്ട്.
ഹൃത്വിക് റോഷന്‍റെയും ദീപിക പദുക്കോണിന്‍റെയും ഫൈറ്റർ (212 കോടി), അജയ് ദേവ്ഗണിന്‍റെ ശെയ്ത്താന്‍ (148.21 കോടി) എന്നിവ മാത്രമാണ് ഈ വര്‍ഷം ഈ ഹോളിവുഡ് ചിത്രത്തിന് മുന്നിലുള്ള ബോളിവുഡ് ചിത്രങ്ങള്‍. 119.53 കോടി കളക്ഷന്‍ നേടിയ ടോം ക്രൂസിന്‍റെ മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ് പാർട്ട് ഒന്നിന്‍റെ കളക്ഷനെ വരും ദിവസത്തില്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ മറികടക്കും.
ഇത്തവണ കുറച്ചുകൂടി ക്രൂരമാകും: ഫഹദ് വഴി 'പുഷ്പ 2' ടീമിന്‍റെ വന്‍ അപ്ഡേറ്റ് !