ബജറ്റ് 10 കോടി, കളക്ഷനില്‍ ബോളിവുഡിനെയും ഞെട്ടിച്ച് ഒരു പഞ്ചാബി ചിത്രം; 'ക്യാരി ഓണ്‍ ജട്ട 3' ഇതുവരെ നേടിയത്
കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകന്‍ ജിപ്പി ഗ്രൂവല്‍ ആണ്
ഒടിടിയുടെ കടന്നുവരവ് സിനിമാവ്യവസായത്തിന് പുതിയ സാധ്യതകള്‍ തുറന്ന് കൊടുത്തതിനൊപ്പം വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. സാറ്റലൈറ്റ് റൈറ്റ് പോലെ നിര്‍മ്മാതാവിന് ഉറപ്പായ ഒരു അധികവരുമാനം ലഭിക്കും എന്നതാണ് ഒടിടി നല്‍കുന്ന പ്രധാന നേട്ടം. ഡയറക്റ്റ് റിലീസ് ആണെങ്കില്‍ കൂടുതല്‍ പണവും ഒരുപക്ഷേ ടേബിള്‍ പ്രോഫിറ്റ് തന്നെ നേടാം. അതേസമയം കാത്തിരുന്നാല്‍ ഒടിടിയില്‍ സിനിമകള്‍ കാണാം എന്നതിനാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കാര്യമായി എത്തുന്നില്ല എന്നതാണ് പ്രതിസന്ധി. മുന്‍പ് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാവ്യവസായമായിരുന്ന ബോളിവുഡിന് ഇപ്പോള്‍ വന്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല. പഠാന്‍റെ 1000 കോടി നേട്ടം മാത്രമാണ് ബോളിവുഡിന് സമീപകാലത്ത് എടുത്ത് പറയാനുള്ളത്. ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം ഇടത്തരം ചിത്രങ്ങളും അവിടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഇപ്പോഴിതാ കളക്ഷനില്‍ ഇടത്തരം ബോളിവുഡ് ചിത്രങ്ങളെയും മറികടന്നിരിക്കുകയാണ് ഒരു പഞ്ചാബി ചിത്രം.
തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡുമൊക്കെപ്പോലെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ മറ്റ് ഭാഷാ സിനിമകള്‍ എത്തുന്നത് ചുരുക്കമാണ്. അവിടെയാണ് പഞ്ചാബി ചിത്രം ക്യാരി ഓണ്‍ ജട്ട 3 നേടിയ കളക്ഷന്‍ കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്നത്. സ്മീപ് കാംഗ് സംവിധാനം ചെയ്ത ചിത്രം 2012 ല്‍ പുറത്തിറങ്ങിയ ക്യാരി ഓണ്‍ ജട്ട 2 ന്‍റെ സീക്വല്‍ ആണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകന്‍ ജിപ്പി ഗ്രൂവല്‍ ആണ്. സോനം ബജ്‍വയാണ് നായിക.
ജൂണ്‍ 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 10.12 കോടി ആയിരുന്നു. വെള്ളിയാഴ്ച 10.72 കോടി, ശനി 12.32 കോടി, ഞായര്‍ 13.40 കോടി എന്നിങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആകെ നേടിയിരിക്കുന്നത് 46.56 കോടിയാണ്. ചരിത്രത്തില്‍ ഒരു പഞ്ചാബി ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. 15 കോടി മാത്രമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് അറിയുമ്പോഴാണ് നേടുന്ന വിജയത്തിന്‍റെ തിളക്കം മനസിലാവുന്നത്..
ALSO READ : 'രണ്ടാം സ്ഥാനം ഒഴികെ ബാക്കിയെല്ലാം ഹാപ്പി'; ബിഗ് ബോസ് റണ്ണര്‍ അപ്പിനെക്കുറിച്ച് നാദിറ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ