റെക്കോർഡുകൾ തിരുത്തി കുറിക്കാൻ ചിരഞ്ജീവി; 'ഗോഡ് ഫാദർ' ആദ്യദിനം നേടിയത്
മോഹൻരാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രമാണ് 'ഗോഡ് ഫാദർ'. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്നത്. ചിരഞ്ജീവിയേയും ചിത്രത്തിന്റെ മേക്കിങ്ങിനെയും പ്രകീർത്തിച്ച് കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
38 കോടിയാണ് ആദ്യദിനത്തിൽ ഗോഡ് ഫാദർ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ തന്നെ ചിത്രം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ലൂസിഫർ തനിക്ക് പൂർണ തൃപ്തി നൽകിയ സിനിമയല്ലെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഗോഡ് ഫാദർ തയ്യാറാക്കിയിരിക്കുന്നതെന്നും ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ചിത്രം എത്തുകയെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.
മക്കൾക്ക് വേണ്ടി അവർ ഒന്നിക്കുമോ ? ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോർട്ട്
മോഹൻരാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ സൽമാൻ ഖാനും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്റെ പേര്.