വിഷു റിലീസുകള്‍ക്ക് മുന്നില്‍ വീണോ 'ആടുജീവിതം'; കേരളത്തില്‍ നിന്ന് ഇന്നലെ നേടിയത്
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി, 100 കോടി ക്ലബ്ബുകളിലെത്തിയ ചിത്രമാണ് ആടുജീവിതം
മലയാള സിനിമയുടെ നല്ലകാലമാണ് ഇത്. ജനപ്രിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തുന്നു. ഒന്നിന്‍റെ വിജയം മറ്റ് പലതിനും ഗുണമാവുന്നു. ഒപ്പം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും കൈയടി നേടുന്നു നമ്മുടെ സിനിമ. മലയാളത്തിലെ വിഷു, ഈദ് റിലീസുകള്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഫഹദ് ഫാസിലിന്‍റെ ആവേശം, പ്രണവ്- ധ്യാന്‍- നിവിന്‍ ടീം ഒന്നിച്ച വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്‍റെ ജയ് ഗണേഷ് എന്നിവയാണ് ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് എത്തിയ ആടുജീവിതം മികച്ച ഒക്കുപ്പന്‍സിയോടെ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു വിഷു റിലീസുകളുടെ വരവ്. ഈ ചിത്രങ്ങളുടെ വരവ് ആടുജീവിതത്തിന്‍റെ കളക്ഷനെ ബാധിച്ചോ? അത് സംബന്ധിച്ച പരിശോധനയ്ക്കുള്ള കണക്കുകള്‍ ലഭ്യമാണ്.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി, 100 കോടി ക്ലബ്ബുകളിലെത്തിയ ചിത്രമാണ് ആടുജീവിതം. 16 കോടിയിലധികം ആഗോള ഓപണിംഗ് നേടി ബോക്സ് ഓഫീസ് കുതിപ്പ് തുടങ്ങിയ ചിത്രത്തിന് രണ്ടാഴ്ച മറ്റ് പുതിയ റിലീസുകളുടെ സാന്നിധ്യമില്ലാതെ ഫ്രീ റണ്‍ ആണ് കേരളത്തില്‍ ലഭിച്ചത്. റിലീസ് ദിനം മുതലിങ്ങോട്ട് കാര്യമായ ഡ്രോപ്പ് ഇല്ലാതെയായിരുന്നു കുതിപ്പ്. വേനലവധിക്കാലമായതിനാല്‍ പ്രവര്‍ത്തിദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയോടെയാണ് ആടുജീവിതം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. വിഷു റിലീസുകള്‍ എത്തുന്നതിന് തൊട്ടുതലേദിവസം, അതായത് 10-ാം തീയതി ആടുജീവിതത്തിന് കേരളത്തില്‍ ലഭിച്ച കളക്ഷന്‍ 4.18 കോടിയാണ്. ചെറിയ പെരുന്നാള്‍ ദിനം കൂടിയായിരുന്നു അത്. വിഷു റിലീസുകള്‍ എത്തിയ ഇന്നലെ (11) ആടുജീവിതം കേരളത്തില്‍ നേടിയ കളക്ഷന്‍ 2 കോടിയിലേറെയാണ്.
മൂന്ന് വിഷു റിലീസുകള്‍ എത്തിയിട്ടും രണ്ടാഴ്ച മുന്‍പ് തിയറ്ററുകളിലെത്തിയ ഒരു ചിത്രം നേടുന്ന മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ തിയറ്ററായ എറണാകുളം കവിതയില്‍ ആടുജീവിതത്തിന് ഇന്നലെ ഹൗസ്‍ഫുള്‍ ഷോ ലഭിച്ചിരുന്നു. വിഷു റിലീസുകളിലൊന്നായ ജയ് ഗണേഷിനേക്കാളും മികച്ച കളക്ഷനുമാണ് ചിത്രം ഇന്നലെ നേടിയത്. പുതിയ ചിത്രങ്ങള്‍ എത്തിയതിനെത്തുടര്‍ന്ന് ഷോ കൗണ്ടില്‍ വന്നിട്ടുള്ള കുറവാണ് ആടുജീവിതത്തിന്‍റെ കളക്ഷനില്‍ ചെറിയ ഡ്രോപ്പ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം കളിക്കുന്ന തിയറ്ററുകളില്‍ ഇപ്പോഴും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയുണ്ട്. വേനലവധിക്കാലത്തില്‍ ഉടനീളം ചിത്രത്തിന് മികച്ച ലോംഗ് റണ്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ : വീണ്ടും പൊലീസ് വേഷത്തില്‍ ജോജു; 'ആരോ' ട്രെയ്‍ലര്‍