സ്പോർട്സ് നിർബന്ധ വിഷയമായി പാഠ്യപദ്ധതിയിൽ പരിഗണിക്കണമെന്ന് കായിക മന്ത്രി
ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കായികത്തിലൂടെ ഒരുമിപ്പിക്കുന്ന സൗഹാർദത്തെക്കുറിച്ച് മേയർ സംസാരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ടെന്നീസ് ടൂർണമെന്‍റിന് തുടക്കമായി. 22 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ടെന്നീസ് മത്സരങ്ങൾ കവടിയാർ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. അറുപതോളം യൂണിവേഴ്സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തത്.
ഇത്തരം ടെന്നീസ് ചാമ്പ്യൻഷിപ്പുകൾ കേരളത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് പ്രോത്സഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്പോർട്സ് ആക്റ്റിവിറ്റിക്ക് കൂടുതൽ ഊന്നൽ നൽകാനാണ് കോളേജ് ലീഗ് ആരംഭിച്ചത്. സ്പോർട്സ് നിർബന്ധ വിഷയമായി പാഠ്യപദ്ധതിയിൽ പരിഗണിക്കണം. കേരളത്തിന്റെ കായിക ചരിത്രത്തെയും, ജി വി രാജയുടെ വിലമതിക്കാനാകാത്ത സംഭാവനങ്ങളെയും കുറിച്ച് എടുത്ത് പറഞ്ഞ മന്ത്രി വി. അബ്ദുറഹിമാൻ, കായിക രംഗത്ത് കേരളത്തിൻ്റെ ഭാവി സാധ്യതകളെപ്പറ്റിയും വിശദീകരിച്ചു.
ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കായികത്തിലൂടെ ഒരുമിപ്പിക്കുന്ന സൗഹാർദത്തെക്കുറിച്ച് മേയർ സംസാരിച്ചു. കേരള സർവകലാശാല ധനകാര്യ കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ്. ജി. മുരളീധരൻ അധ്യക്ഷ പ്രസംഗം നടത്തി. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. ഷിജു ഖാൻ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
തിരുവനന്തപുരം ടെന്നീസ് ക്ലബ് സെക്രട്ടറി എം ഡി എസ് കുമാരസ്വാമി , പ്രസിഡന്റ് എൻ. ജയചന്ദ്രൻ, കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ, സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. നസീബ്, ആർ രാജേഷ്, ഡോ. പി എം രാധാമണി, ഡോ. എസ് ജയൻ, അഹമ്മദ് ഫാസിൽ വൈ, ഡോ. റഹിം കെ, പി എസ് ഗോപകുമാർ, ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പ്രൊഫസർ ഡോ. റസിയ കെ ഐ തുടങ്ങിയവരും ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.