'മമ്മൂട്ടിയുടെ വില്ലന്‍'; അമല്‍ നീരദിന്‍റെ 'അരിവാൾ ചുറ്റിക നക്ഷത്രം' ഇനി നടക്കുമോ? പൃഥ്വിരാജിന്‍റെ മറുപടി
"എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്"
മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു ചിത്രം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ വരുമെന്ന് ഏറെക്കാലത്തിന് മുന്‍പ് ഒരു പ്രഖ്യാപനം നടന്നിരുന്നു. അമല്‍ നീരദ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അന്‍വറിന് ശേഷം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്‍റെ പേര് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു. ശങ്കര്‍ രാമകൃഷ്ണനായിരുന്നു രചയിതാവ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിരുന്നു പൃഥ്വിരാജ്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രം നടക്കുമോ? ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പ്രതികരണം എത്തിയിരിക്കുകയാണ്. പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി.
"ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്. ആ സിനിമയുടെ പശ്ചാത്തലവും കഥയുമൊക്കെ, പൃഥ്വിരാജ് പറയുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്ന് പൃഥ്വിയുടെ മറുപടി. കമ്യൂണിസ്റ്റ് പശ്ചാത്തലമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന ഒരു കഥയായിരുന്നു അത്. അതിന്‍റെ പശ്ചാത്തലവും അതിന്‍റെ കഥയിലെ കുറേ ഭാഗങ്ങളുമെല്ലാംതന്നെ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്നുകഴിഞ്ഞു. ഇനി ആ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല", പൃഥ്വിരാജ് വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കേരളപ്പിറവിക്ക് മുന്‍പും നടക്കുന്ന കഥയെന്നാണ് 2011 ല്‍ ഈ പ്രോജക്റ്റിന്‍റെ പ്രഖ്യാപനവേളയില്‍ കേട്ടിരുന്നത്. ആ സമയത്ത് പൃഥ്വിരാജിനും പങ്കാളിത്തമുണ്ടായിരുന്ന ഓഗസ്റ്റ് സിനിമ ആയിരുന്നു ബാനര്‍. അമല്‍ നീരദ് തന്നെയാണ് ഛായാഗ്രഹണവും ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അന്‍വറിന് പുറമെ ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി എന്നീ ചിത്രങ്ങളാണ് അമല്‍ നീരദ് അതിന് മുന്‍പ് സംവിധാനം ചെയ്തിരുന്നത്.
ALSO READ : അശ്വിൻ ബാബുവിന്‍റെ പാൻ ഇന്ത്യൻ ചിത്രം; 'ശിവം ഭജേ' ഫസ്റ്റ് ലുക്ക് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം