കളക്ഷനില്‍ 'കല്‍ക്കി'ക്ക് അടുത്തെത്താത്തതിലെ നിരാശ? പ്രേക്ഷകരുടെ ആ രീതിയെ വിമര്‍ശിച്ച് ജൂനിയര്‍ എന്‍ടിആര്‍
സെപ്റ്റംബര്‍ 27 നാണ് ദേവര പാര്‍ട്ട് 1 തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം
പുതുകാലത്തെ പ്രേക്ഷകരുടെ കാഴ്ചാ ശീലങ്ങളെ വിമര്‍ശിച്ച് തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍. താന്‍ നായകനായ പുതിയ ചിത്രം ദേവര: പാര്‍ട്ട് 1 തിയറ്ററുകളില്‍ തുടരുമ്പോഴാണ് നായക താരത്തിന്‍റെ വാക്കുകള്‍. തനിക്കൊപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ കൊരട്ടല ശിവ കൂടി ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ പ്രേക്ഷകരില്‍ സമീപകാലത്ത് ഉണ്ടായ മാറ്റങ്ങളെ വിമര്‍ശിക്കുന്നത്.
പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മള്‍ പുതിയ കാലത്ത് വളരെ നെഗറ്റീവ് ആയി മാറിയിരിക്കുകയാണെന്നും സിനിമകള്‍ നിഷ്കളങ്കമായി ആസ്വദിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. "എന്‍റെ മക്കള്‍ സിനിമ കാണുന്ന രീതി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നടന്‍ ആരെന്നോ സിനിമ ഏതെന്നോപോലും അവര്‍ക്ക് വിഷയമല്ല. അവര്‍ കാണുന്ന സിനിമ ആസ്വദിക്കുക മാത്രം ചെയ്യുന്നു. ആ നിഷ്കളങ്കത നമുക്ക് എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഇന്ന് നമ്മള്‍ സിനിമ കാണുന്നതുതന്നെ, അതിനെ വിലയിരുത്താനാണ്. സിനിമകളെ തുടര്‍ച്ചയായി വിലയിരുത്തിക്കൊണ്ടും വിധി കല്‍പ്പിച്ചുകൊണ്ടും അധികചിന്ത നടത്തിക്കൊണ്ടും ഇരിക്കുകയാണ് നമ്മള്‍. കൂടുതല്‍ സിനിമകളുമായുള്ള സമ്പര്‍ക്കമാവും നമ്മളെ ഇത്തരത്തില്‍ ആക്കിയത്". പ്രേക്ഷകരുടെ ഈ മനോഭാവം ഒരു ഘട്ടമെത്തുമ്പോള്‍ മാറുമെന്നും കാര്യങ്ങള്‍ തിരുത്തപ്പെടുമെന്നും ജൂനിയര്‍ എന്‍ടിആര്‍ പ്രത്യാശിക്കുന്നു.
ആര്‍ആര്‍ആറിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദേവര. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം കളക്ഷനില്‍ വലിയ മോശം സംഭവിച്ചുമില്ല. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കനുസരിച്ച് 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 466 കോടിയാണ് ചിത്രം നേടിയത്. വസ്തുത അതാണെന്നിരിക്കിലും പ്രഭാസ് നായകനായ സമീപകാല ഹിറ്റ് കല്‍ക്കിയുടെ ബോക്സ് ഓഫീസ് നേട്ടത്തിന് അടുത്തെത്തിയിട്ടില്ല ദേവര. ജൂനിയര്‍ എന്‍ടിആറിന്‍റെ പുതിയ പ്രതികരണത്തിന്‍റെ കാരണം അതും ആകാം എന്നതാണ് സിനിമാ മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍.
ALSO READ : ധ്യാനും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച്; 'ത്രയം' റിലീസ് തീയതി പ്രഖ്യാപിച്ചു