Asianet News MalayalamAsianet News Malayalam

'ദുല്‍ഖറിനും പ്രണവിനുമുള്ള ഓപണിംഗ് എന്തുകൊണ്ട് ലഭിക്കുന്നില്ല'? ഗോകുല്‍ സുരേഷിന്‍റെ മറുപടി

ഗഗനചാരിയാണ് ഗോകുല്‍ സുരേഷിന്‍റെ ഏറ്റവും പുതിയ റിലീസ്

why gokul suresh movies dont get the level of opening in box office like as of dulquer salmaan and pranav mohanlal here is his answer
Author
First Published Jul 7, 2024, 4:00 PM IST | Last Updated Jul 7, 2024, 4:00 PM IST

മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ തലമുറയില്‍ സിനിമാ കുടുംബങ്ങളില്‍ നിന്ന് വന്നിട്ടുള്ള ഒരു വലിയ ശതമാനമുണ്ട്. സാങ്കേതിക മേഖലയിലും അതുണ്ടെങ്കിലും അഭിനേതാക്കളുടെ നിരയിലാണ് അത് കൂടുതല്‍ ദൃശ്യമാവുക. അതേസമയം സിനിമയില്‍ എത്താന്‍ ആ പശ്ചാത്തലം സഹായിച്ചേക്കാമെങ്കിലും അവിടെ നിലനിന്ന് വിജയം നേടുന്നതില്‍ സ്വന്തം പ്രയത്നത്തെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. ഇപ്പോഴിതാ ഗോകുല്‍ സുരേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായ പ്രകടനം പ്രേക്ഷകശ്രദ്ധ നേടുകയാണ്. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഗഗനചാരിയുടെ തമിഴ്നാട്ടിലെ പ്രൊമോഷനുവേണ്ടി എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്.

"മലയാളത്തിലെ ഏറ്റവും വലിയ മൂന്ന് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. സൂപ്പര്‍താരങ്ങളുടെ മക്കള്‍ സിനിമയില്‍ വരുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഒരു വലിയ ഓപണിംഗ് ഉണ്ട്. ദുല്‍ഖറിനും പ്രണവിനും അത് ലഭിക്കുന്നുണ്ട്. ഗോകുല്‍ സുരേഷിന് നിര്‍ഭാഗ്യവശാല്‍ അത് ലഭിക്കുന്നില്ല. എന്തുകൊണ്ട്", എന്നാണ് അവതാരകന്‍റെ ചോദ്യം. ഇതിന് ഗോകുല്‍ സുരേഷിന്‍റെ മറുപടി ഇങ്ങനെ- "അത് സംസാരിക്കണമെങ്കില്‍ അതില്‍ രാഷ്ട്രീയമടക്കം പല കാര്യങ്ങളും കടന്നുവരും. അവര്‍ (ദുല്‍ഖറും പ്രണവും) അത് എളുപ്പം സാധിച്ചെടുത്തതാണെന്ന് എനിക്ക് പറയാനാവില്ല. അവരുടെ കഥ എനിക്ക് അറിയില്ല. ഡിക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത് സാധിക്കാന്‍ അദ്ദേഹത്തിന് എത്രത്തോളം പരിശ്രമിക്കേണ്ടിവന്നെന്ന് നമുക്ക് അറിയില്ല. ഇപ്പോള്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്ന താരമൂല്യത്തെ നമുക്ക് ജഡ്ജ് ചെയ്യാന്‍ കഴിയില്ല. കാരണം അദ്ദേഹം നടത്തിയ യാത്ര നമുക്ക് അറിയില്ല. അദ്ദേഹം വ്യക്തിപരമായി ചിലതൊക്കെ പറഞ്ഞിട്ടുള്ളത് എനിക്ക് അറിയാം. അതില്‍ ചില കഷ്ടപ്പാടുകളുടെയൊക്കെ കഥയുണ്ട്. പ്രിവിലേജ് ഉള്ള ഒരാള്‍ ആയതുകൊണ്ട് മാത്രം സിനിമ അയാള്‍ക്ക് എളുപ്പമാവുന്നില്ല", ഗോകുല്‍ പറയുന്നു.

"അപ്പുച്ചേട്ടനെക്കുറിച്ച് (പ്രണവ് മോഹന്‍ലാല്‍) നമ്മള്‍ കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയില്‍ നില്‍ക്കാന്‍ വലിയ താല്‍പര്യം ഇല്ലാത്ത ആളെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. അവസരം ലഭിക്കാത്തവര്‍ അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നായിരിക്കാം കരുതുക. പക്ഷേ സ്വയം അധികം വെളിപ്പെടുത്താല്‍ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ അത് ഭാഗ്യമായി അയാള്‍ കരുതില്ല", ഗോകുല്‍ പറയുന്നു. "നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തിപ്പെടുകയും കൂടുതല്‍ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന ഉള്ളടക്കത്തോട് നിങ്ങള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും. അത് ചിലപ്പോള്‍ പതുക്കെയാവും സംഭവിക്കുക. സ്ലോ ആയി പോകുന്നത് പ്രശ്നമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ എത്തണമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്താനായില്ലെങ്കില്‍ എനിക്ക് പ്രശ്നമൊന്നുമില്ല", ഗോകുല്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.

ALSO READ : അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ' സെക്കന്‍ഡ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios