100 കോടി പടം പകുതി പോലും കിട്ടിയില്ല, ആക്ഷയ് കുമാറിന്‍റെ മറ്റൊരു 'ബോക്സോഫീസ് ബോംബ്' ഇനി ഒടിടിയില്‍ കാണാം !
അക്ഷയ് കുമാർ നായകനായ 'ഖേൽ ഖേൽ മേം' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.
മുംബൈ: അക്ഷയ് കുമാര്‍ നായകനായി എത്തിയ ബോക്സോഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രം കൂടി ഒടിടിയിലേക്ക്. സ്ത്രീ 2, വേദ എന്നിവയ്‌ക്കൊപ്പം ഓഗസ്റ്റ് 15 ന് റിലീസായ 'ഖേല്‍ ഖേല്‍ മേം' ചിത്രമാണ് ഒടുവില്‍ 50 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്താന്‍ പോകുന്നത്. ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ വലിയ പരാജയമാണ് ഉണ്ടായത്.
100 കോടിയോളം മുടക്കിയെടുത്ത ചിത്രം ട്രേഡ് ട്രാക്കര്‍ സാക്നില്‍ക്.കോം കണക്ക് പ്രകാരം ആഗോളതലത്തില്‍ നേടിയത് വെറും 55.25 കോടിയാണ്. മുദാസ്സര്‍ അസീസ് സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലര്‍ കഥയാണ് പറഞ്ഞത്.
2016 ല്‍ പുറത്തിറങ്ങിയ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു ചിത്രം. ലോകത്ത് ഏറ്റവുമധികം തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ച ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. ഹിന്ദി റീമേക്ക് വരുന്നതിന് മുന്‍പേ വിവിധ ഭാഷകളിലായി 26 തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണിത്.
അതിനാല്‍ കൂടിയാണ് ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഓഗസ്റ്റ് 15 ന് കടുത്ത ത്രികോണ മത്സരമാണ് തീയറ്ററില്‍ ഉണ്ടായത്. ഇത് ഏതാണ്ട് ഒറ്റയ്ക്ക് സ്ത്രീ2 കൊണ്ടുപോയതും അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിന് തിരിച്ചടിയായി.
അക്ഷയ് കുമാറിന് പുറമേ ഖേല്‍ ഖേല്‍ മേം വമ്പന്‍ താരനിരയോടെയാണ് എത്തിയത്. അമ്മി വിര്‍ക്, തപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആദിത്യ സീല്‍, പ്രഗ്യ ജയ്‍സ്വാള്‍, ഇഷിത അരുണ്‍ എന്നിങ്ങനെ പോകുന്നു താരനിര.
ഇപ്പോള്‍ തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം ഒന്നര മാസത്തിലേറെ കഴിഞ്ഞതിന് ശേഷം 'ഖേല്‍ ഖേല്‍ മേം' ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ 9 മുതൽ സൗജന്യമായി സ്ട്രീം ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.
'പരമാവധി ശ്രമിക്കും': അക്ഷയ് കുമാറിനെ രക്ഷിക്കുമോ പ്രിയദര്‍ശന്‍, പ്രിയന് പറയാനുള്ളത് !