വാരനാട് ക്ഷേത്രത്തിൽ ഗാനമേളക്കിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? സംശയങ്ങളെല്ലാം ദുരീകരിച്ച് വിനീത് ശ്രീനിവാസൻ
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല
ആലപ്പുഴ: വാരനാട് ക്ഷേത്രത്തിൽ ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസന് ആരാധകരുടെ തിക്കും തിരക്കും കാരണം ഓടിരക്ഷപെടേണ്ടി വന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാർത്തകളോട് പ്രതികരിച്ചും വാരനാട് ക്ഷേത്രത്തിൽ ഗാനമേളക്കിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്നും വിനീത് വ്യക്തമാക്കി. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജന തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!