Gayathri Suresh : 'ട്രോളുകള്‍ നിരോധിക്കണം, കേസെടുക്കണം', മുഖ്യമന്ത്രിയോട് ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ്

നല്ല നാടിനായി ആദ്യം ഇങ്ങനെയുള്ള ട്രോളുകളെങ്കിലും നിരോധിക്കണമെന്ന് ഗായത്രി സുരേഷ്.

Trolls should be banned Gayathri Suresh urges to Chief minister on live video

സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കുമെതിരെ നടി ഗായത്രിസുരേഷ്. നല്ല നാടിനായി  ഇങ്ങനെയുള്ള ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സുരേഷ് അഭ്യര്‍ഥിക്കുന്നു. യൂട്യൂബിലെയും ഫേസ്‍ബുക്കിലെയും കമന്റ്‍സ് നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ് പറയുന്നു.

നമ്മള്‍ ട്രോള്‍സ് അടിപൊളിയാണെന്ന് പറഞ്ഞാലും എനിക്ക് തോന്നുന്നില്ല. ട്രോള്‍സിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആള്‍ക്കാരെ കളിയാക്കുക എന്നതാണ്. സോഷ്യൽമീഡിയ തുറന്നുകഴിഞ്ഞാൽ ട്രോളുകളും  വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ഗായത്രി സുരേഷ് പറയുന്നു.

ഒരാൾ അഭിപ്രായം പറഞ്ഞാൽ, അയാളെ അടിച്ചമർത്താനുള്ള പ്രവണതയാണ് കുട്ടികളെ കാണിച്ചുകൊടുക്കുന്നത്. അടിച്ചമര്‍ത്തുന്ന ജനതയല്ല നമുക്ക് വേണ്ടത്. അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്‍ക്കുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. ഞാൻ പറയാൻ പോകുന്നത് എന്താവും എവിടെയെത്തുമെന്ന അറിയില്ല എന്നും ഗായത്രി സുരേഷ് പറയുന്നു.

എനിക്കൊന്നും നഷ്‍ടപ്പെടാനില്ല. കാരണം അത്രയും അടിച്ചമര്‍ത്തപ്പെട്ടു. ഇതു പറഞ്ഞാല്‍ സിനിമ വരില്ലേ, ആള്‍ക്കാര്‍ വെറുക്കുമോ എന്നൊന്നും ഞാൻ ആലോചിക്കുന്നില്ല. എനിക്ക് പറയാനുള്ളത് ഞാൻ എന്തായാലും പറയും. എനിക്ക് പറയാനുള്ളത് ഇതിനെ കുറിച്ച് പിണറായി വിജയൻ സാറിനോടാണ്. സാറിന്റെ എല്ലാ ആശയങ്ങളും നടപടികളും എനിക്ക് ഇഷ്‍ടമാണ്. സോഷ്യല്‍ മീഡിയ ആയതുകൊണ്ട് ഞാൻ പറയുന്നത് സാറിലേക്ക് എത്തുമെന്ന കരുതുന്നു. 

സോഷ്യൽ മീഡിയ ഇപ്പോൾ ജീവിതത്തെ കണ്‍ട്രോള്‍ ചെയ്യുന്നതായി മാറിയിരിക്കുന്നു. ലഹരിമരുന്നിൽനിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നു. അപോൾ ട്രോളുകളിൽനിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ?. ട്രോള്‍ വന്നാല്‍ അതിനടയില്‍ കമന്റ്‍സാണ്. നമ്മളെ അത് അടിച്ചമര്‍ത്തുന്നതുപോലെ. മാനസിക ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. നിങ്ങള്‍ കാരണം ഒരാള്‍ മെന്റലാകുകയാണ്. ഇത് ഞാൻ മാത്രമല്ല അഭിമുഖീകരിക്കുന്നത്.  

ട്രോള്‍ നിരോധിക്കാനുള്ള ഒരു നടപടി എടുക്കണം സര്‍. എല്ലായിടത്തെയും കമന്റ് സെക്‌ഷന്‍ ഓഫ് ചെയ്‍തു വയ്ക്കണം. കമന്റ്‍സില്ലെങ്കില്‍ ട്രോളുകളെങ്കിലും നിരോധിക്കണം സര്‍. ഇങ്ങനെയുള്ളവര്‍ക്ക് കേരളം തന്നെ നശിപ്പിക്കാനുള്ള കരുത്തുണ്ട്. ഞാൻ എല്ലാ അര്‍ഥത്തിലും മികച്ച ആളാണ് എന്നല്ല പറയുന്നത്. പക്ഷേ ഇതെനിക്ക് പറയാൻ തോന്നി. 

ഒന്നോ രണ്ടോ ലക്ഷം ആള്‍ക്കാരെ കേരളമാക്കി മാറ്റരുത്. ബുദ്ധിയും വിവരമുള്ള ഒരുപാട് പേര്‍ കേരളത്തിലുണ്ട്. എന്തെങ്കിലും ചെയ്യണം. ഇങ്ങനെ ട്രോളുകള്‍ക്ക് എതിരെയും വൃത്തികെട്ട കമന്റുകള്‍ക്ക് എതിരെയും കേസെടുക്കുകയെങ്കിലും വേണമെന്ന് ഗായത്രി സുരേഷ് ആവശ്യപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios