Asianet News MalayalamAsianet News Malayalam

'പണി അതിശയിപ്പിച്ചു'; ജോജുവിനും ടീമിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് സന്തോഷ് നാരായണൻ

ജോജുവിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ഇത്. ഒക്ടോബർ 24 ന് തിയറ്ററുകളില്‍

santhosh narayanan about pani movie by joju george
Author
First Published Oct 18, 2024, 8:14 AM IST | Last Updated Oct 18, 2024, 8:14 AM IST

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തെ പ്രശംസിച്ച് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. പണി അതിശയിപ്പിച്ചുവെന്നും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിൽ കുറിച്ചിരിക്കുകയാണ്. ഒക്ടോബർ 24 നാണ് 'പണി' തിയറ്ററുകളില്‍ എത്തുക. 

''പണി' കണ്ടു. തീർച്ചയായും അതിശയിപ്പിക്കുന്ന ചിത്രം. വിസ്മയിപ്പിക്കുന്ന ഈ ടീമിനെ അഭിനന്ദിക്കുന്നതിന്‍റെ അടയാളമായി ഒരു പാട്ടും ചില തീം മ്യൂസിക്കുകളും ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എൻ്റെ പാട്ടിനെ മുൻനിർത്തിയുള്ള ട്രെയിലർ കട്ട് ഇതാ' എന്ന് കുറിച്ചുകൊണ്ട് എക്സിൽ 'പണി' ട്രെയിലർ പങ്കുവച്ചിരിക്കുകയാണ് സന്തോഷ് നാരായാണൻ. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തിയ ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'പണി'യുടെ ട്രെയിലർ ഇതിനകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞു. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്‍ലര്‍ നൽകിയിരിക്കുന്ന സൂചന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. 

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

ALSO READ : ഞെട്ടിക്കുന്ന ജ്യോ​തിര്‍മയി, പിടിച്ചിരുത്തുന്ന അമല്‍ നീരദ്; 'ബോഗയ്ന്‍‍വില്ല' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios