എപ്പിസോഡിന് 3 ലക്ഷം! ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടി
ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള സീരിയലുകളില്‍ ഒന്നിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി
സിനിമയിലേത് പോലെതന്നെയാണ് സീരിയലുകളിലും അഭിനേതാക്കള്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നത്. മികച്ച പ്രൊഡക്ഷനുകളുടെ ഭാഗമാവുക എന്നതാണ് പ്രേക്ഷകശ്രദ്ധ നേടാനുള്ള ആദ്യ മാര്‍ഗം. അത് ജനപ്രീതി കൂടി നേടിയാലോ, പിന്നീട് അവരെ കാത്തിരിക്കുന്നത് മികച്ച പ്രതിഫലവും കരിയറുമൊക്കെയാണ്. പ്രേക്ഷകശ്രദ്ധ നേടിയാല്‍ സ്ക്രീന്‍ ടൈം കൂടുതല്‍ കിട്ടുമെന്നതാണ് മെഗാ സീരിയലുകളിലെ നേട്ടം. ഇപ്പോഴിതാ ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരത്തെ പരിചയപ്പെടാം.
ഹിന്ദി സീരിയലുകളിലെ വലിയ ആരാധകവൃന്ദമുള്ള നടി രുപാലി ഗാംഗുലിയാണ് അത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.
അനുപമ സംപ്രേഷണം തുടങ്ങുന്ന കാലത്ത് 30,000- 35,000 ആയിരുന്നു രുപാലിക്ക് ലഭിക്കുന്ന പ്രതിഫലം. എന്നാല്‍ സീരിയലിന്‍റെയും അനുപമ എന്ന കഥാപാത്രത്തിന്‍റെയും ജനപ്രീതി കുതിച്ചുയര്‍ന്നതോടെ നടിയുടെ പ്രതിഫലത്തിലും വന്‍ വര്‍ധനവ് ഉണ്ടായി. നിലവില്‍ എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് രുപാലിക്ക് ലഭിക്കുന്നത്.
ഹിന്ദി സിനിമാ സംവിധായകനായ അച്ഛന്‍ അനില്‍ ഗാംഗുലിയുടെ സാഹേബ് (1985) എന്ന ചിത്രത്തിലൂടെ ഏഴാം വയസില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് രുപാലി ഗാംഗുലി. സുകന്യ എന്ന പരമ്പരയിലൂടെ 2000 ല്‍ ആയിരുന്നു ടെലിവിഷന്‍ അരങ്ങേറ്റം. സാരാഭായ് vs സാരാഭായ് എന്ന സിറ്റ്കോം പരമ്പരയിലെയും സഞ്ജീവനി എന്ന മെഡിക്കല്‍ ഡ്രാമ സിരീസിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഹിന്ദി ബിഗ് ബോസ് സീസണ്‍ 1 മത്സരാര്‍ഥി കൂടിയായ രുപാലി ഒന്‍പത് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ALSO READ : ഛായാഗ്രഹണം മധു അമ്പാട്ട്; 'മലവാഴി' ചിത്രീകരണം ആരംഭിച്ചു