Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ ചിത്രം റിലീസ് ചെയ്താല്‍ പ്രത്യാഘാതം ഗുരുതരം: ഭീഷണിയുമായി രാജ് താക്കറെ

ഫവാദ് ഖാൻ നായകനായ പാകിസ്ഥാൻ ചിത്രം ‘ദ ലെജൻഡ് ഓഫ് മൗല ജാട്ട്’ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് എംഎൻഎസ് തലവൻ രാജ് താക്കറെ. 

Raj Thackeray opposes release of Pakistani film The Legend of Maula Jatt in Maharashtra
Author
First Published Sep 24, 2024, 8:12 AM IST | Last Updated Sep 24, 2024, 8:12 AM IST

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫവാദ് ഖാൻ നായകനായ പാകിസ്ഥാൻ ചിത്രം ‘ദ ലെജൻഡ് ഓഫ് മൗല ജാട്ട്’ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. തിയേറ്റർ ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ തുനിഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിലാണ് രാജ് താക്കറെ ഭീഷണിയുമായി എത്തിയത്. കലയ്ക്ക് അതിരുകളില്ല എന്നത് ശരിയാണ്. പക്ഷെ എന്തുകൊണ്ടാണ് പാകിസ്ഥാൻ താരങ്ങളുടെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്? ഒരു കാരണവശാലും മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ എംഎൻഎസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎൻഎസ് ‘അഭ്യർത്ഥന’ അവഗണിക്കാൻ തുനിഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് തിയേറ്റർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം തുടര്‍ന്ന് പോസ്റ്റില്‍ പറയുന്നത് ഇതാണ് “മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ എംഎൻഎസ് എന്താണ് ചെയ്തതെന്ന് എല്ലാവരും ഓർക്കണം. അതിനാൽ, സിനിമകൾ പ്രദർശിപ്പിക്കുക എന്ന അശ്രദ്ധ തിയറ്റർ ഉടമകള്‍ കാണിക്കരുകെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു" എന്നാണ്.

“മഹാരാഷ്ട്രയിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലെയും അതത് സർക്കാരുകൾ ഈ സിനിമ അവരുടെ സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കരുത്” എന്ന് പറഞ്ഞുകൊണ്ടാണ് താക്കറെ സിനിമയുടെ റിലീസ് നിരോധിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചത്. 

2022ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച ദ ലെജൻഡ് ഓഫ് മൗല ജാട്ട് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ ബിലാൽ ലഷാരിയും മഹിറ ഖാനും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ പാക് ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ് അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്. "ഇന്ത്യയിൽ ഒക്ടോബർ 2 ബുധനാഴ്ച റിലീസ് ചെയ്യുന്നു" എന്നാണ് ഇവരുടെ പോസ്റ്റ് പറയുന്നത് .

പാക് ബോക്സോഫീസിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് ദ ലെജൻഡ് ഓഫ് മൗല ജാട്ട്. പാകിസ്ഥാൻ ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്‍റെ റീമേക്കായി 2022ല്‍ പാകിസ്ഥാമനില്‍ ഇറങ്ങിയ ചിത്രമാണ് ഇത്. പാക് ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ പാക് ചിത്രവും ഇതാണ്. ക്രൂരനായ അധോലകോ നായകന്‍ നൂറി നാട്ടില്‍ നിന്നും ഒരു നാടിനെ രക്ഷിക്കുന്ന വീരനായകനായ മൗല ജട്ടായാണ് ചിത്രത്തില്‍ ഫവാദ് ഖാൻ എത്തുന്നത്. പാക് നാടോടിക്കഥയില്‍ നിന്നും എടുത്ത ചിത്രം ബിലാൽ ലഷാരിയാണ് സംവിധാനം ചെയ്യുന്നത്. 

പാക് ഓള്‍ ടൈം ഹിറ്റായ ചിത്രം ഇന്ത്യയില്‍ റിലീസിന്; പത്ത് കൊല്ലത്തില്‍ ആദ്യമായ പാകിസ്ഥാന്‍ ചിത്രം ഇന്ത്യയില്‍

60 കോടി ബജറ്റില്‍ വന്ന് ഒന്‍പത് ഇരട്ടി ലാഭം; ബോളിവുഡിലെ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രം ഇതാണ് !

Latest Videos
Follow Us:
Download App:
  • android
  • ios