Asianet News MalayalamAsianet News Malayalam

'പഴയ വീട് പൊളിച്ചു, ഷെഡ് കെട്ടി, ലൈഫ് പദ്ധതിയിലെ വീടിന് അനുമതിയില്ല'; ഗൃഹനാഥന്‍റെ ആത്മഹത്യയിൽ അന്വേഷണം

സിദ്ധാർഥന്റെ ഭാര്യ ജഗദമ്മയുടെ പേരിൽ ലൈഫ് പദ്ധതി യിൽ വീട് നിർമ്മിക്കാൻ അനുമതി ലഭിച്ചിരുന്നു. പുതിയ വീട് നിർമ്മിക്കാൻ കരാറും നൽകി. എന്നാൽ വീട് നിർമ്മാണ അനുമതിക്കായി സ്ഥലം വന്നു നോക്കാൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും എത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.

police start investigation against life housing scheme officials in alappuzha native 74 year old man death
Author
First Published Sep 24, 2024, 7:59 AM IST | Last Updated Sep 24, 2024, 7:59 AM IST

ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമ്മിക്കുന്നതിന് അനുമതി വൈകിപ്പിച്ചതിനെതുടർന്നെന്ന പരാതിയിൽ അന്വേഷണം. ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്നാണ് ആരോപണം. അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം
ചേർത്തല പട്ടണക്കാട് പഞ്ചായത്തിലെ 11 വാർഡിൽ താമസിക്കുന്ന 74 കാരനായ സിദ്ധാർഥനെ  ഇക്കഴിഞ്ഞ 18ന് ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

സിദ്ധാർഥന്റെ ഭാര്യ ജഗദമ്മയുടെ പേരിൽ ലൈഫ് പദ്ധതി യിൽ വീട് നിർമ്മിക്കാൻ അനുമതി ലഭിച്ചിരുന്നു. പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടതോടെ വർഷങ്ങൾ പഴക്കമുള്ള പഴയ വീട് ഇവർ പൊളിച്ചു മാറ്റി. തൊട്ടടുത്ത് താത്കാലിക ഷെഡ് ഒരുക്കി താമസം മാറ്റി. പുതിയ വീട് നിർമ്മിക്കാൻ കരാറും നൽകി. എന്നാൽ വീട് നിർമ്മാണ അനുമതിക്കായി സ്ഥലം വന്നു നോക്കാൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും എത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.

വിവരങ്ങൾ അന്വേഷിക്കാൻ ഒരു മാസത്തിനു ശേഷം കഴിഞ്ഞ 12 ന് പഞ്ചായത്തിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതും വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മരിച്ച സിദ്ധാർഥന്റെ ഭാര്യ ജഗതമ്മ പറഞ്ഞു. ലൈഫ് പദ്ധതിയിലെ സാറ് ഇന്ന് വരാം നാളെ വരാം എന്ന് പറഞ്ഞ് കുറേ നാൾ നീണ്ടു. അടുത്തിടെ വീടിനടുത്തുള്ള സ്ഥലത്ത് ഉദ്യോഗസ്ഥനെത്തിയതറിഞ്ഞ് വിളിച്ചു. എന്നാൽ താൻ ആ ഭാഗത്തേക്ക് എത്തിയില്ലെന്നാണ് പറഞ്ഞത്. വീട് വെക്കാനാകില്ലെന്ന നിരാശ ഉണ്ടായിരുന്നുവെന്നും ജഗതമ്മ പറഞ്ഞു.

അനുമതി ലഭിച്ച സാഹചര്യത്തിൽ വീട് നിർമ്മാണം വൈകിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്തും വ്യക്തമാക്കി. എന്നാൽ നിർമ്മാണം തുടങ്ങുന്നതിനു തടസ്സമുണ്ടായിരുന്നില്ലെന്നും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

വീഡിയോ സ്റ്റോറി 

Read More : 'പരീക്ഷ സമ്മർദ്ദമല്ല, നിരന്തര മാനസിക പീഡനം'; അജാസ് ഖാന്‍റെ ആത്മഹത്യയിൽ അധ്യാപകര്‍ക്കെതിരെയും അന്വേഷണം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios