'സ്ഫടിക'ത്തിന് ശേഷം, ആ മമ്മൂട്ടി ചിത്രവും ഫോർ കെയിൽ ! പ്രഖ്യാപിച്ച് നിർമാതാവ്
മലയാളികള്‍ ഇന്നും ആവര്‍ത്തിച്ച് കാണുന്ന മമ്മൂട്ടി സിനിമകളില്‍ ഒന്ന്.
അടുത്ത കാലത്തായി ചില സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയായ ഫോർ കെ അറ്റ്മോസിൽ പുറത്തിറക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആയിരുന്നു മലയാളത്തിൽ ആദ്യമായി ഫോർ കെയിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മമ്മൂട്ടി അനശ്വരമാക്കിയൊരു സിനിമ കൂടി ഫോർ കെ അറ്റ്മോസിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
മമ്മൂട്ടിയുടെ കരിയറിൽ ബെസ്റ്റ് സിനിമകളിൽ ഒന്നായ വല്ല്യേട്ടൻ ആണ് ആ സിനിമ. ചിത്രത്തിന്റെ നിർമാതാവ് ബൈജു അമ്പലക്കരയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിർമാതാവിന്റെ തുറന്നുപറച്ചിൽ. സ്ഫടികം ഫോർ കെയിൽ ഇറക്കിയപ്പോൾ ഇഷ്ടപ്പെട്ടു. അതുകൊണ്ട് വല്ല്യേട്ടനും അങ്ങനെ ഇറക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഉടൻ അതിന്റെ പരിപാടികൾ തുടങ്ങുമെന്നും ബൈജു അമ്പലക്കര അറിയിച്ചു.
ബൈജു അമ്പലക്കരയുടെ വാക്കുകൾ ഇങ്ങനെ
'സ്ഫടികം' ഫോർ കെയിൽ ഇറക്കിയത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും തിയറ്ററിൽ പോയി പടം കണ്ടിരുന്നു. ഇപ്പോഴത്തെ ന്യൂ ജനറേൻ ഈ സിനിമ തിയറ്ററിൽ കണ്ടിട്ടില്ല. ടിവിയിലെ കണ്ടിട്ടുള്ളൂ. ഫോർകെ അറ്റ്മോസിൽ അത് വളരെ മനോഹരമായിരുന്നു. അതുപോലെ വല്ല്യേട്ടൻ എന്ന സിനിമ ഞാൻ ഫോർ കെയിൽ ചെയ്യാനുള്ള തീരുമാനത്തിലാണ്. അതിന്റെ പണികൾ ഉടനെ തുടങ്ങണം. വല്യേട്ടന്റെ പല രംഗങ്ങളും യുട്യൂബ് പോലുള്ളവയിൽ മോഷണം ചെയ്തിട്ടുണ്ട്. ഞാൻ അറിയാതെ കള്ള ഒപ്പിട്ട് റൈറ്റ് കൊടുക്കുകയൊക്കെ ഉണ്ടായി. നിലവിൽ സിനിമയ്ക്ക് മൊത്തത്തിൽ സ്റ്റേ വാങ്ങിച്ച് ഇട്ടേക്കുവാണ്. വല്ല്യേട്ടൻ സിനിമ ലോകത്ത് ആരും ഇനി തൊടാതിരിക്കാൻ വേണ്ടി കോടതിയിൽ നിന്നും സ്റ്റേയും വാങ്ങിച്ചു. ഇനി കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട്. അതിന് ശേഷം സിനിമയുടെ ഫോർ കെ ചെയ്യും. ഇത് എത്ര നീണ്ടു പോകുന്നോ അത്രയും നല്ലതാണ്. കാരണം ന്യൂ ജനറേഷൻ വളർന്നു കൊണ്ടിരിക്കയല്ലേ. അവർക്ക് വേണ്ടിയാണ് നമ്മളിത് ചെയ്യാൻ പോകുന്നത്. ഫോർ കെ അറ്റ്മോസിൽ ഞാനും ഷാജി കൈലാസും കൂടി എറണാകുളം സവിത തിയറ്ററിൽ ഇട്ട് സിനിമ കണ്ടിരുന്നു. ഒരു റീൽ മാത്രം. എന്തൊരു മനോഹരമായിരുന്നു. മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ച് ഒന്നും പറയാനില്ല. അത്രയും മനോഹരമായാണ് അതിൽ അദ്ദേഹത്തെ കാണിക്കുന്നത്. എന്തായാലും വല്ല്യേട്ടൻ ഉടന്‍ ഫോർ കെ കാണും.
കാത്തിരുന്ന പ്രഖ്യാപനം; ത്രില്ലർ ചിത്രം 'കുടുക്ക്' ഒടിടിയിലേക്ക്; എവിടെ, എന്ന് സ്ട്രീമിംഗ് ?
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..