കങ്കുവ 'ശബ്ദം' പ്രശ്നം തന്നെ, പലര്‍ക്കും തലവേദന വന്നത് വെറുതെയല്ല; തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയുടെ ശബ്ദം അസഹ്യമാണെന്ന് പ്രേക്ഷകരിൽ നിന്ന് വ്യാപക പരാതി.
കൊച്ചി: നവംബര്‍ 14നാണ് സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത കങ്കുവ റിലീസായത്. ചിത്രത്തിന് ആദ്യഘട്ടത്തില്‍ തന്നെ വലിയ തോതില്‍ നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രം നേടിയെങ്കിലും റിലീസ് ദിനത്തില്‍ അടക്കം പടത്തിന് കയറിയവര്‍ ഉന്നയിച്ച പ്രധാന പരാതി ചിത്രത്തിന്‍റെ ശബ്ദം സംബന്ധിച്ചാണ്.
അസഹ്യമായ ശബ്ദമാണ് ചിത്രത്തിന് എന്നാണ് പൊതുവില്‍ ഉയര്‍ന്ന പരാതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം തീയറ്ററിലെ നോയിസ് ലെവല്‍ 105 ഡെസിബലിന് അടുത്താണ്. വിദഗ്ധ അഭിപ്രായങ്ങള്‍ പ്രകാരം ഈ ലെവലില്‍ ശബ്ദം കേള്‍ക്കുന്നത് കേള്‍വി ശക്തിയെപ്പോലും ദോഷമായി ബാധിക്കാം എന്നാണ് പറയുന്നത്.
റിലീസ് ദിവസം അടക്കം ചിത്രം കണ്ടിറങ്ങിയവരില്‍ പലരും തലവേദന എന്ന പരാതി ഉന്നയിച്ചത് ഈ ശബ്ദ പ്രശ്നത്താല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പറയുന്നത്. അതേ സമയം സിനിമയുടെ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയും സമ്മതിച്ചിട്ടുണ്ട്. ഒരു ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണും എന്നാണ് നിര്‍മ്മാതാവ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പറഞ്ഞത്.
നേരത്തെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‍കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി രംഗത്ത് എത്തിയിരുന്നു. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു മാധ്യമ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് റസൂല്‍ പൂക്കുട്ടി ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
സൂര്യ ഇരട്ട വേഷത്തില്‍ എത്തിയ കങ്കുവയില്‍ പ്രതിനായകനാവുന്നത് ബോബി ഡിയോള്‍ ആണ്. ദിഷ പഠാനി, നടരാജന്‍ സുബ്രഹ്‍മണ്യം, കെ എസ് രവികുമാര്‍, യോഗി ബാബു, റെഡിന്‍ കിംഗ്‍സ്‍ലി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലേത്. കാര്‍ത്തിയുടെ സര്‍പ്രൈസ് സാന്നിധ്യവും ചിത്രത്തിലുണ്ട്.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ്; കങ്കുവ റീലീസ് ഡേ ഔദ്യോഗിക റിപ്പോര്‍ട്ട്