ഇന്നോവയിൽ ചീറിപ്പാഞ്ഞെത്തി, കിയ കാർ തടഞ്ഞ് കാറടക്കം 2 പേരെ തട്ടിക്കൊണ്ടുപോയതിൽ വഴിത്തിരിവ്, കാറുകൾ കണ്ടത്തി
വടക്കഞ്ചേരി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൃശ്ശൂർ കുന്നംകുളം ഭാഗത്ത് നിന്നും ഇന്നോവ കാറുകൾ കണ്ടെടുത്തത്.
പാലക്കാട് : ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ കാറുകളിലെത്തി വഴി തടഞ്ഞ് കാറും കാറിലുളളവരെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. കിയ കാര്‍ തടഞ്ഞ് കാറിൽ സഞ്ചരിച്ചവരെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും ഇന്നോവ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഈ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. തട്ടിയെടുക്കപ്പെട്ട കിയ കാർ പിന്നീട് വടക്കഞ്ചേരിക്ക് അടുത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നോവ കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വടക്കഞ്ചേരി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൃശ്ശൂർ കുന്നംകുളം ഭാഗത്ത് നിന്നും ഇന്നോവ കാറുകൾ കണ്ടെടുത്തത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. സംഘത്തിൽ ഏഴോളം പ്രതികളുണ്ടെന്നാണ് വിവരം. പ്രതികളെ കുറിച്ച് വ്യക്തമായ അന്വേഷണം ലഭിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഘത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കുഴൽപണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിലാണ് നീലിപ്പാറ എന്ന സ്ഥലം. ചുവപ്പ് കിയ കാർ പിന്തുടർന്നെത്തിയ ഇന്നോവ കാർ പുറകിൽ നിന്ന് കിയ കാറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കിയ കാറിലെ യാത്രക്കാരനെ ബലമായി വലിച്ച് പുറത്തിറക്കി ഇന്നോവ കാറിലേക്ക് കയറ്റി. ആദ്യം തൃശ്ശൂർ ഭാഗത്തേക്ക് പോയ കാർ പിന്നീട് തിരിച്ച് പാലക്കാട് ഭാഗത്തേക്കും പോയി. മൂന്ന് ഇന്നോവ കാറുകൾ സംഘത്തിലുണ്ടായിരുന്നു.