മനസാ വാചാ: കൊച്ചു വേഷങ്ങളിൽ നിന്ന് ഡയറക്ടറുടെ കസേരയിലേക്ക് ശ്രീകുമാർ പൊടിയൻ
'മനസാ വാചാ' മാർച്ച് എട്ടിന് തീയേറ്ററുകളിൽ. നായകൻ ദിലീഷ് പോത്തൻ.
തൃശ്ശൂർ സ്വദേശി ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'മനസാ വാചാ' മാർച്ച് എട്ടിന് തീയേറ്ററുകളിൽ എത്തുകയാണ്. ദിലീഷ് പോത്തനാണ് നായകൻ. ഒരു 'കൊച്ചു കോമഡി' ചിത്രമെന്ന് 'മനസാ വാചാ'യെ നിർവചിക്കുന്ന ശ്രീകുമാർ വിശേഷങ്ങൾ പറയുന്നു.
ആദ്യ സിനിമ...
അതേ. കുറെക്കാലത്തെ മോഹമാണിത്. ചെറുപ്പത്തിൽ ജവഹർ ബാലഭവൻ മുതൽ തുടങ്ങിയ ഒരു സൗഹൃദക്കൂട്ടായ്മയിൽ നിന്നാണ് ഈ സിനിമ ഉണ്ടാകുന്നത്. അതിൽ ഒരാളായ കിരൺ കുമാർ ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
സിനിമാ മേഖലയിൽ തന്നെ ആദ്യമാണോ?
ഞാൻ മുൻപ് ടെലിവിഷനിൽ പരിപാടികൾ ചെയ്തിട്ടുണ്ട്. 'ഏയ് ഓട്ടോ' എന്ന പരിപാടിയുടെ ആങ്കർ ആയിരുന്നു. പിന്നെ കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 'നമ്മൾ' സിനിമയിൽ ജിഷ്ണു-സിദ്ധാർത്ഥിന്റെ കഥാപാത്രങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. പിന്നെ ഹാപ്പി വെഡ്ഡിങ്, നിവേദ്യം അങ്ങനെ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു.
അഭിനയത്തിൽ നിന്ന് ഡയറക്ഷനിൽ എങ്ങനെ എത്തി?
ഡയറക്ഷൻ ഒരു മോഹം തന്നെയായിരുന്നു. പിന്നെ പ്രാവർത്തികമാകാൻ സമയമെടുക്കുമല്ലോ. ഞാൻ ടെലിവിഷനിൽ എത്തിയത് പോലും കിരൺ കുമാർ നൽകിയ അവസരം കൊണ്ടാണ്. കിരൺ തന്നെയാണ് ഈ സിനിമ ചെയ്യാനും മുൻകൈ എടുത്തത്.
ദിലീഷ് പോത്തനാണ് നായകൻ; ബുദ്ധിമുട്ടിയോ?
സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടിയായിരുന്നു. പുറമെ നിന്ന് കാണുമ്പോൾ സ്വാഭാവികമാണല്ലോ അത്. പക്ഷേ, അദ്ദേഹം വളരെ 'ഡൗൺ ടു എർത്' ആയ ഒരാളാണ്. നമ്മുടെ മനസ്സിൽ ഇപ്പോൾ ഒരു സങ്കൽപ്പം ഉണ്ടാകുമല്ലോ, ഇത്ര വലിയ ഒരാൾ അഭിനയിക്കാൻ വരുമ്പോൾ എങ്ങനെ അത് 'മേക്ക്' ചെയ്യുമെന്ന്. പക്ഷേ, ദിലീഷ് പോത്തനോട് ഒന്നും പറയേണ്ടി വന്നില്ല. എന്റെ മനസ്സിലുള്ളതാണ് അദ്ദേഹം ചെയ്തത്. എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ അത് അതുപോലെ തന്നെ ഉൾക്കൊള്ളാനും അദ്ദേഹത്തിന് മടിയില്ല.
മാർച്ച് എട്ടിനാണ് റിലീസ്...
അതേ. ഇതൊരു തമാശപ്പടമാണ്. വലിയ ടെൻഷൻ പ്രേക്ഷകർക്ക് കൊടുക്കുന്നില്ല. ചെറിയ ബജറ്റിൽ ഒരു കൊച്ചുകോമഡി. ആളുകൾക്ക് വന്ന് കണ്ട് സന്തോഷത്തോടെ പോകാം.