'അനുരാഗിനെ പടം കാണിക്കാന്‍ പറഞ്ഞത് അടൂര്‍ സാര്‍'; 'പക' സംവിധായകന്‍ പറയുന്നു
വയനാടിന്‍റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമ, സഹനിര്‍മ്മാതാവായി അനുരാഗ് കശ്യപ്
'ജല്ലിക്കട്ട്', 'മൂത്തോന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്താന്‍ മറ്റൊരു മലയാള ചിത്രം. പൂന ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയും പ്രമുഖ സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്‍ത 'പക (River of blood)' എന്ന ചിത്രമാണ് 46-ാമത് ടൊറന്‍റോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ കരിയറിലെ രണ്ടാമത്തെ സിനിമകളും പ്രദര്‍ശിപ്പിക്കുന്ന 'ഡിസ്‍കവറി' വിഭാഗത്തിലേക്കാണ് പക തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വയനാടിന്‍റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രം. "നമ്മുടെ നാട്ടിലെ ആളുകളുടെ ജീവിതം. എന്‍റെ അമ്മൂമ്മ പറഞ്ഞിട്ടുള്ള കുറേ കഥകള്‍. അതിന്‍റെയൊക്കെ വേറൊരു തരത്തിലുള്ള ആവിഷ്‍കാരമാണ് ചിത്രം", നിതിന്‍ പറയുന്നു. ആദ്യ ലോക്ക് ഡൗണിനു മുന്‍പ് വയനാട്ടില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ കൊവിഡ് സാഹചര്യത്തില്‍ നീണ്ടുപോയി. വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ ഒരപ്പ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയ്ക്കു പിന്നില്‍ മൂന്നു വര്‍ഷത്തോളം നീണ്ട അധ്വാനമുണ്ടെന്നും താരചിത്രം അല്ലാത്തതിന്‍റെ പ്രയാസങ്ങള്‍ നിര്‍മ്മാണവേളയില്‍ നേരിട്ടുവെന്നും നിതിന്‍ ലൂക്കോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
"സിനിമയുടെ ഫസ്റ്റ് കട്ട് ഞാന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ സാറിനെ കാണിച്ചിരുന്നു. അദ്ദേഹമാണ് അനുരാഗ് കശ്യപ് അടക്കമുള്ളവരെ പടം കാണിക്കാന്‍ ഉപദേശിച്ചത്. സിനിമ ഇഷ്‍ടപ്പെട്ടപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് അനുരാഗ് ചോദിച്ചു. നിര്‍മ്മാതാവിന്‍റെ സ്ഥാനത്തേക്ക് അദ്ദേഹവും എത്തി. പിന്നീടുള്ള ചില്ലറ എഡിറ്റിലും റീഷൂട്ടിലും അദ്ദേഹത്തിന്‍റെ സഹായമുണ്ടായി. ഒരു അന്തര്‍ദേശീയ തലത്തിലേക്ക് സിനിമയെ എങ്ങനെ പ്ലേസ് ചെയ്യണം എന്ന നിര്‍ദേശമൊക്കെ അനുരാഗ് തന്നു. പിന്നീടാണ് എന്‍എഫ്‍ഡിസി ഫിലിം ബസാറിന്‍റെ വര്‍ക്ക് ഇന്‍ പ്രോഗ്രസ് ലാബിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അവിടെ ബെസ്റ്റ് ഫിലിം ആയി. അങ്ങനെയാണ് പടത്തിന് ശ്രദ്ധ കിട്ടുന്നത്", നിതിന്‍ പറയുന്നു.
2019ല്‍ പുറത്തിറങ്ങിയ 'മല്ലേഷം' എന്ന തെലുങ്ക് ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ രാജ് ആര്‍ ആണ് ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാവ്. 'മല്ലേഷ'ത്തിന്‍റെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ആയിരുന്നു. പൂന ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡിലേത് അടക്കം 25ല്‍ അധികം ചിത്രങ്ങളുടെശബ്‍ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അതേസമയം ടൊറന്‍റോ ഫെസ്റ്റിവലിനു ശേഷമുള്ള ആറ് മാസക്കാലം മറ്റു ചലച്ചിത്രോത്സവങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നിതിന്‍ പറയുന്നു. "ടൊറന്‍റോയില്‍ നിന്ന് മറ്റു ചലച്ചിത്രോത്സവങ്ങളിലേക്ക് പോകും പക. അതിനുശേഷമേ വിതരണത്തെക്കുറിച്ച് ആലോചിക്കൂ. ആ സമയത്തേക്ക് തിയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ തീര്‍ച്ഛയായും തിയറ്റര്‍ റിലീസ് തന്നെ ആയിരിക്കും. പക്ഷേ വന്‍ താരങ്ങള്‍ ഇല്ലാത്ത ചെറിയ ചിത്രങ്ങള്‍ക്ക് വിതരണക്കാരെ കണ്ടെത്തല്‍ പലപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്നതാണ് ഒരു യാഥാര്‍ഥ്യം", നിതിന്‍ ലൂക്കോസ് പറയുന്നു. ബേസിൽ പൗലോസിനൊപ്പം നിതിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീകാന്ത് കബോത്തുവാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona