കേരളത്തിലും ക്ലിക്ക്; റിലീസ് ദിനം തന്നെ സ്ക്രീന്‍ കൗണ്ട് കൂട്ടി 'ലക്കി ഭാസ്‍കര്‍'
പിരീഡ് ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം
തെലുങ്ക് സിനിമകള്‍ക്ക് കേരളത്തില്‍ ഇന്ന് വലിയ പ്രേക്ഷക സമൂഹമുണ്ട്. ഒരു കാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളാണ് യുവാക്കളായ ആരാധകരെ ഇവിടെ സൃഷ്ടിച്ചതെങ്കില്‍ ബാഹുബലി അനന്തരം അത് വലിയ തോതില്‍ വളര്‍ന്നു. ഇന്ന് തെലുങ്കില്‍ നിന്നെത്തുന്ന വലിയ ചിത്രങ്ങള്‍ക്കൊക്കെ കേരളത്തിലും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ദീപാവലിക്ക് തെലുങ്കില്‍ നിന്നുള്ള ഏറ്റവും പ്രധാന ചിത്രം ലക്കി ഭാസ്കറും കേരളത്തില്‍ വലിയ ജനപ്രീതി നേടുകയാണ്.
ടൈറ്റില്‍ റോളില്‍ എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ് എന്നതാണ് ഈ ചിത്രത്തോട് മലയാളികള്‍ക്ക് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകം. ഇന്നലെ തെലുങ്ക് സംസ്ഥാനങ്ങളില്‍ നടന്ന പ്രിവ്യൂ ഷോകളിലൂടെത്തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം തിയറ്റര്‍ റിലീസിന് ശേഷവും മൗത്ത് പബ്ലിസിറ്റി ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയയിലും റിവ്യൂവേഴ്സിന് ഇടയിലും ചിത്രത്തിന് മികച്ച അഭിപ്രായം മാത്രമാണ് ലഭിക്കുന്നത്. ഫലം, കേരളത്തില്‍ റിലീസ് ദിനത്തില്‍ തന്നെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം.
ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. വേഫെററിന്‍റെ കണക്കനുസരിച്ച് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടത് 175 സ്ക്രീനുകളില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 207 ആയി വര്‍ധിച്ചിരിക്കുകയാണ്. ആദ്യദിനം തന്നെ ഒരു റിലീസ് ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് ഇത്തരത്തില്‍ കൂടുന്നത് അപൂര്‍വ്വമാണ്. അതേസമയം ചിത്രത്തിന്‍റെ ഓപണിംഗ് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.
ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ