യാസ്കിനായി മലയാളം സൂപ്പർ താരത്തെ പരിഗണിച്ചതാണ്: വെളിപ്പെടുത്തി കൽക്കി സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ്
കൽക്കി 2898 എഡിയുടെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റുകളിൽ ഒരാളായ വേണുഗോപാല്‍.
ഇതുവരെ കാണാത്ത ദൃശ്യവിസ്മയം പ്രേക്ഷകർക്ക് സമ്മാനിച്ച സിനിമയാണ് കൽക്കി 2898 എഡി. നാഗ് അശ്വിന്റെ സംവിധാനത്തിൽ റിലീസ് ചെയ്തി ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയിരുന്നു. ഔദ്യോഗിക വിവരം പ്രകാരം 1100 കോടിയിലേറെ കൽക്കി ഇതിനോടകം നേടി കഴിഞ്ഞു. നിലവിൽ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
റിലീസ് ചെയ്ത ആദ്യഷോ മുതൽ പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായ രണ്ട് കഥാപാത്രങ്ങളാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ച അശ്വത്ഥാമാവും കമൽഹാസന്റെ സുപ്രീം ലീഡർ യാസ്കിനും. ഇതിൽ ഏറെ വ്യത്യസ്തമായ ലുക്ക് കൊണ്ട് യാസ്കിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ വേഷത്തിലേക്ക് മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ പരിഗണിച്ചിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
കൽക്കി 2898 എഡിയുടെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റുകളിൽ ഒരാളായ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലിന്റെ പ്രതികരണം.
"അശ്വത്ഥാമാവായി അമിതാഭ് ബച്ചനും ഭൈരവയായി പ്രഭാസും ആണ് എത്തുക എന്ന് ആദ്യമെ തന്നെ അറിയാമായിരുന്നു. ഒപ്പം ദീപിക പദുകോണും. യാസ്കിന്റെ കേസിൽ ആയിരുന്നു ഒരു ഡൗട്ട് ഉണ്ടായിരുന്നത്. കാരണം ഈ മൂന്ന് പേർക്ക് ഒപ്പം നിൽക്കുന്ന ഒരാളായിരിക്കണം യാസ്കിൻ ചെയ്യേണ്ടത്. അതിൽ മോഹൻലാൽ സാറിനെ പരിഗണിച്ചിരുന്നു. ഒടുവിൽ ഫൈനൽ ആയിട്ട് കമൽ സാറും ലാൽ സാറും വന്നു. ശേഷം നടന്ന ചർച്ചയിൽ കമൽ സാർ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് തീരുമാനിക്കുക ആയിരുന്നു", എന്നാണ് വേണുഗോപാൽ പറഞ്ഞത്. ഇറങ്ങുന്ന ഓരോ മലയാള സിനിമകളും അപ്പോൾ തന്നെ കാണുന്ന ആളാണ് നാഗ് അശ്വിൻ എന്നും ആവേശം അടക്കം തിയറ്ററിൽ പോയി കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..