Hey Sinamika : ആദ്യ സംവിധാന സംരംഭവുമായി ബ്രിന്ദ മാസ്റ്റർ, പ്രതീക്ഷകളോടെ ദുല്‍ഖറിന്റെ 'ഹേ സിനാമിക' എത്തുന്നു

ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക.
 

Choreographer Brinda Masters directorial debut film Hey Sinamika

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗദ്ഭയായ നൃത്ത സംവിധായകരിൽ ഒരാളാണ് ബ്രിന്ദ മാസ്റ്റർ (Brinda Master). മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാർഡ് ഒരു തവണയും, തമിഴ്‍നാട് സംസ്ഥാന അവാർഡ് രണ്ടു തവണയും. കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നാല് തവണയും നേടിയ കലാകാരിയാണ് ബ്രിന്ദ മാസ്റ്റർ. ജയന്തി, ഗിരിജ, രഘുറാം മാസ്റ്റർ, കല മാസ്റ്റർ, ഗായത്രി രഘുറാം, പ്രസന്ന സുജിത് തുടങ്ങി ഒട്ടേറെ നൃത്ത സംവിധായകർ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ബ്രിന്ദ മാസ്റ്റർ. സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ നിന്ന് വന്ന ബ്രിന്ദ മാസ്റ്റർ നൃത്ത സംവിധാനത്തിൽ നിന്ന് സിനിമാ സംവിധാനത്തിലേക്ക് എത്തിയിരിക്കുകയാണ്. 

ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക' (Hey Sinamika). ദുല്‍ഖറാണ് 'ഹേ സിനാമിക' ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രം മാർച്ച് മൂന്നിനാണ് ആഗോള റിലീസ് ആയി എത്തുന്നത്. 

Read More : പ്രണയ ജോഡികളായി ദുൽഖറും അദിതിയും!, 'ഹേ സിനാമിക'യിലെ ഗാനം

മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുണ്ട്. ബോളിവുഡിലും നൃത്ത സംവിധാനം ചെയ്‍തിട്ടുള്ള ബ്രിന്ദ മാസ്റ്റർ 2000ൽ റിലീസ് ചെയ്‍ത 'മുഖവരി; എന്ന ചിത്രത്തിലൂടെയാണ് തന്റെ ആദ്യ തമിഴ്‍നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കുന്നത്. എന്നാൽ അതിനും മുൻപ് 'ദയ' എന്ന മലയാള ചിത്രത്തിലൂടെ ബ്രിന്ദ മാസ്റ്റർ ആദ്യത്തെ ദേശീയ പുരസ്‍കാരം നേടിയിരുന്നു. 'ദീപാവലി' എന്ന ചിത്രത്തിലൂടെ രണ്ടാം തമിഴ്‍നാട് സ്റ്റേറ്റ് അവാർഡ് നേടിയ ബൃന്ദ മാസ്റ്റര്‍ 'ഉദയനാണു താരം', 'വിനോദയാത്ര', 'കൽക്കട്ട ന്യൂസ്', 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്നീ ചിത്രങ്ങളിലൂടെ ആണ് നാല് കേരളാ സംസ്ഥാന അവാർഡ് നേടിയത്. 

'പ്രേമിഞ്ചുകുണ്ഡം രാ', 'കാക്ക കാക്ക' ഏന്നീ ചിത്രങ്ങളിലൂടെ രണ്ടു ഫിലിം ഫെയർ അവാർഡുകളും ബ്രിന്ദ മാസ്റ്റർ നേടി. 'മധുരൈ', ടവാരണം ആയിരം', 'കടൽ', ബോളിവുഡ് ചിത്രം 'പി കെ', വിജയ് ചിത്രം 'തെരി' എന്നിവ ബ്രിന്ദ മാസ്റ്റർ നൃത്ത സംവിധാനം ചെയ്‍തതില്‍ ശ്രദ്ധേയമായവയാണ്.

 'ഗാന്ധാരി'യെന്ന തെലുങ്കു മ്യൂസിക് വീഡിയോ സംവിധാനം ചെയ്‍തതും ബ്രിന്ദ മാസ്റ്റർ ആണ്. കീർത്തി സുരേഷ് അഭിനയിച്ച വീഡിയോ വൻ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങളിൽ നൃത്ത സംവിധാനം ചെയ്‍ത ബൃന്ദ മാസ്റ്ററിന്റെ സംവിധായികയായുള്ള അരങ്ങേറ്റം വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ദുല്‍ഖര്‍ 'ഹേ സിനാമിക' ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു. 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഒരു ഗാനമായിരുന്നു ദുല്‍ഖര്‍ ആലപിച്ചത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അദിതി റാവു, കാജല്‍ അഗര്‍വാള്‍, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‍സൺ, രഘു, സംഗീത, ധനഞ്‍ജയൻ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios