രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ ഐഎഫ്എഫ്കെ ബഹുദൂരം മുന്നിലെന്ന് മുഖ്യമന്ത്രി
'രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു'
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യമാർന്ന വിഷയങ്ങളെ കൈകാര്യംചെയ്തുകൊണ്ടാണ് ഇക്കാലയളവിൽ ലോകത്താകമാനം സിനിമാ രംഗം വളർച്ചയും മുന്നേറ്റവും കൈവരിച്ചത്. ചരിത്രംകൊണ്ടും വലിപ്പംകൊണ്ടും നമ്മുടേതിനേക്കാൾ മികവുറ്റ നിരവധി മേളകൾ ലോകത്തുണ്ട്. ആരംഭിച്ചകാലം മുതൽ നോക്കിയാൽ അവയിൽ പലതും പലവിധ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. പുരോഗമനോന്മുഖമായും പ്രതിലോമകരമായുമുള്ള മാറ്റങ്ങൾക്കു വിധേയമായവയുമുണ്ട്.
സിനിമാ ആസ്വാദകരുടേയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരുടേയും സിനിമാ പ്രവർത്തകരുടേയും സംഗമവേദിയാണ് ചലച്ചിത്ര മേളയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്കു കോർപ്പറേറ്റുകൾ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ അതു സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസൃതമായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനുയോജ്യമായ രീതിയിൽ സിനിമകൾ സൃഷ്ടിക്കപ്പെടാൻ സമ്മർദമുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണം.
ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കൾക്ക് കലാ, സാംസ്‌കാരിക, ഫാഷൻ രംഗങ്ങളിൽ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ചലച്ചിത്രോത്സവം മാറുന്നു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ ഉത്സവത്തിൽ രൂപപ്പെടുന്നത് സന്തോഷം പകരുന്ന കാര്യമാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ട കലാരൂപങ്ങളിൽ ഇന്നു നിലനിൽക്കുന്നവയിൽ ഏറ്റവും ജനകീയമായത് സിനിമയാണ്.
ലൂമിയർ സഹോദരന്മാരിൽ തുടങ്ങിയ സിനിമ ചരിത്രം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനത്തിൽ എത്തിനിൽക്കുന്നു. സാങ്കേതികരംഗത്തെ വികാസം ഇത്രയേറെ ചടുല മാറ്റങ്ങൾ വരുത്തുന്ന മറ്റൊരു കലാരംഗവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നേർ പ്രതിഫലനമാണു സിനിമയിൽ ഉണ്ടാകുന്നതെന്നു പറയേണ്ടിവരും. സാമൂഹ്യാവസ്ഥകളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധിയായി അന്താരാഷ്ട്ര ചലച്ചിത്രമേള മാറിത്തീരുന്നുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ കഴിഞ്ഞ ചലച്ചിത്രമേളയിൽ പലസ്തീൻ ഐക്യദാർഢ്യ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അന്ന് ആ രാജ്യത്തു നിലനിന്നിരുന്ന അവസ്ഥ കൂടുതൽ മോശമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. ഇത്തവണ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അർമേനിയൻ സിനിമ വിഭാഗത്തിലുള്ള ചലച്ചിത്രങ്ങളാണ്. ആഭ്യന്തര യുദ്ധവും വംശഹത്യയും കുടിയിറക്കലുമെല്ലാം ഈ സിനിമകളിൽ പ്രമേയമായിത്തീരുന്നുണ്ട്. ഇത്തരത്തിൽ അടിച്ചമർത്തപ്പെടുന്നവരുടേയും പീഡിപ്പിക്കപ്പെടുന്നവരുടേയും ഒപ്പംനിന്ന് അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുന്നിലെത്തിക്കാനാണ് ഈ ചലച്ചിത്രമേളയിലൂടെ നാം ശ്രമിക്കുന്നത്.
മൂന്നാം ലോക സിനിമയ്ക്കു പ്രത്യേക പ്രാധാന്യം നൽകുന്ന മേളയാണിത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥപറയുന്ന ഐ ആം സ്റ്റിൽ ഹിയറാണ് ഉദ്ഘാടന ചിത്രം. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമാതാവും നടിയുമായ ആൻ ഹുയിക്കാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിയായാണ് അവർ അറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ ചലച്ചിത്രകാരിക്കു ലഭിച്ചിട്ടുണ്ട്. ആൻ ഹുയിയെ ഈ മേളയിൽ ആദരിക്കുന്നതിലൂടെ യഥാർഥത്തിൽ ഈ മേളയാണ് ആദരിക്കപ്പെടുന്നത്.
ഇന്ത്യൻ സിനിമയേയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളേയും സമ്പന്നമാക്കിയ ശബാന ആസ്മിയെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിനയ രംഗത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കിയ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തോടുള്ള ആദരവായി അഞ്ചു സിനമകൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നവതരംഗ സിനിമയുടെ തുടക്കകാലത്ത് ചലചിത്ര രംഗത്ത് ചുവടുറപ്പിക്കുകയും തുടർന്നുള്ള ദശകങ്ങളിൽ ഇന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറുകയും ചെയ്ത ശബാന ആസ്മി 160ൽപ്പരം സിനിമകളിൽ വേഷമിട്ടു.
വിഖ്യാത സംവിധായകൻ ശ്യാം ബെനഗലിന്റെ അംഗൂർ എന്ന ചിത്രത്തിലൂടെ 1974ൽ ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ച ശബാന ആസ്മിയെതേടി നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ എത്തി.. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രശ്നങ്ങളോടു വളരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് ശബാന ആസ്മി. അവർ കേവലം ആർട്ടിസ്റ്റ് മാത്രമല്ല, ആക്റ്റിവിസ്റ്റുകൂടിയാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ സംഭാവനയാണ് അവർ നൽകിപ്പോരുന്നത്.
ഈ വർഷം സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് പായൽ കപാടിയയ്ക്കാണ്. അവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാൻ ചലചിത്രമേളയിൽ പുരസ്‌കാരങ്ങൾ നേടി. ഇപ്പോൾ ഗോൾഡൻ ഗ്ലോബ് നോമിനേഷനും ആ സിനിമയ്ക്കു ലഭിച്ചു. രാജ്യത്തിനാകെ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിത്. ആ ചലച്ചിത്രത്തിന്റെ ഭാഗമായിത്തീർന്ന നിരവധി മലയാളികളുണ്ടെന്നത് ഓരോ കേരളീയനും അഭിമാനിക്കാൻ വകനൽകുന്നതാണ്. സിനിമകൾ മാത്രമല്ല അന്താരാഷ്ട്ര ശ്രദ്ധനേടിയ ഡോക്യുമെന്ററികളും പായൽ കപാടിയയുടേതായി പുറത്തുവന്നിട്ടുണ്ട്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിദ്യാർഥി സമരത്തിൽ പങ്കെടുത്തുകൊണ്ട് അവർ ചിത്രീകരിച്ച ഡോക്യുമെന്ററി ആഗോള ശ്രദ്ധ നേടിയിരുന്നു.
ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ കൂടുതലായി കടന്നുവരുന്നതിന്റെയും കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ദൃഷ്ടാന്തമായാണ് ഇതിനെ കാണേണ്ടത്. ഇത്തരത്തിലുള്ള ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനവും സർക്കാരും വലിയ ശ്രമം നടത്തുന്നുണ്ട്. വനിതാ സംവിധായകർക്കു ചലച്ചിത്രം നിർമിക്കാൻ ധനസഹായമടക്കം ലഭ്യമാക്കുന്നുണ്ടെന്നത് സിനിമ പ്രവർത്തകർക്ക് അറിയാവുന്ന വസ്തുതയാണ്. ഈ രംഗത്തേക്കു കടന്നുവരുന്ന കലാകാരികൾക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബാന ആസ്മിയെ പൊന്നാട അണിയിച്ചും അവർക്ക് പ്രശസ്തിപത്രം നൽകിയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ബോളിവുഡിന്റെ മുഖ്യധാരയിലും സമാന്തര സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഐ എഫ് എഫ് കെയുടെ ആദരം.ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്നിഹിതനായിരുന്നു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെസ്റ്റിവൽ ബുക്ക് വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഫെസ്റ്റിവൽ ബുക്ക് ക്യുറേറ്റർ ഗോൾഡാ സെല്ലത്തിന് നൽകി പ്രകാശനം ചെയ്തു. ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് ഷാജി എൻ കരുണിനെ കുറിച്ച് എസ് ജയചന്ദ്രൻ നായർ രചിച്ച ഏകാന്തദീപ്തികൾ എന്ന പുസ്തകം അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർദ് പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദ്യപ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഉദ്ഘാടനചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറി.
'കാമദേവനെ നക്ഷത്രം കാണിച്ച കൂട്ടം': സിനിമ ഒന്നിപ്പിച്ച ആദിത്യയുടെ സംഘം