Aaraattu : 450 സ്ക്രീനുകള്‍, 1000 പ്രദര്‍ശനങ്ങള്‍; ജിസിസിയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ആറാട്ട്
മികച്ച ഇനിഷ്യല്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍
കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ട് (Aaraattu). ഉദയകൃഷ്ണ തിരക്കഥയൊരുക്കിയിരിക്കുന്ന മാസ് എന്റര്ടെയ്നര് ചിത്രം ലോകമാകമാനം 2700 സ്ക്രീനുകളിലാണ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല മാര്‍ക്കറ്റുകളിലും ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം. ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉള്‍പ്പെടും.
റിലീസിനുശേഷം പ്രേക്ഷകരുടെ അത്ഭുതപൂർവ്വമായ തിരക്കുകൊണ്ട് തീയറ്ററുകളും സ്ക്രീനുകളും വര്‍ധിപ്പിച്ചിരിക്കുകയാണ് അവിടെ. ജിസിസിയില്‍ നിലവില്‍ 150 കേന്ദ്രങ്ങളിലായി 450 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആണിത്. ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
മോഹന്‍ലാല്‍ പറഞ്ഞത്
"ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്ടെയ്നര് എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള് ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര് റഹ്മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്ധന്യാവസ്ഥയില് നില്ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭംഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന് ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്റര്ടെയ്നര് ആണിത്. ആറാട്ട് എല്ലാവര്ക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി എന്റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും."
നെയ്യാറ്റിന്‍കര ഗോപന് എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ആര് ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.