ഫിറോസും സജിനയും പുറത്തേക്കോ? ബിഗ് ബോസില്‍ നിര്‍ണ്ണായക തീരുമാനവുമായി ഇന്ന് മോഹന്‍ലാല്‍
ബിഗ് ബോസിലെ ഞായര്‍, തിങ്കള്‍ എപ്പിസോഡുകള്‍ ഈ സീസണിലെതന്നെ ഏറ്റവും സംഘര്‍ഷാത്മകമായ എപ്പിസോഡുകള്‍ ആയിരുന്നു. വീക്കിലി ടാസ്‍കിലെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ മറ്റു മത്സരാര്‍ഥികള്‍ കൂട്ടമായി ഫിറോസ്-സജിനയുടെ പല നിലപാടുകളിലും തങ്ങള്‍ക്കുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും അറിയിച്ചിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികളുടെ സജീവ പങ്കാളിത്തത്തില്‍ മുന്നോട്ടുപോകവെ ഇന്ന് നിര്‍ണ്ണായക എപ്പിസോഡ് എന്ന് സൂചന. ചൊവ്വാഴ്ച ആയിട്ടും അവതാരകനായ മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് ഇന്നത്തെ എപ്പിസോഡിന്‍റെ പ്രത്യേകത. ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യം ഇല്ലാതെയാണ് ബിഗ് ബോസ് മുന്നോട്ടുപോയത്. അതിനാല്‍ വാരാന്ത്യത്തില്‍ നടക്കേണ്ട എലിമിനേഷനും ഉണ്ടായിരുന്നില്ല. വിഷു സ്പെഷല്‍ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരുന്നതെങ്കിലും ഇന്നത്തെ എപ്പിസോഡിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടാവും. കൂടാതെ നിര്‍ണ്ണായകമായ ചില തീരുമാനങ്ങളും ഇന്ന് അദ്ദേഹം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ഇതു സംബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയില്‍ സജിന-ഫിറോസിനോട് രൂക്ഷഭാവത്തോടെ പ്രതികരിക്കുന്ന മോഹന്‍ലാലിനെ കാണാം. "നാളെ വിഷു ആയിട്ട് നിങ്ങളെ കാണാന്‍ വരാമെന്ന് വിചാരിച്ചു. പക്ഷേ അതിനുമുന്‍പ് എനിക്ക് വരേണ്ടിവന്നു. കാരണം ചില തീരുമാനങ്ങള്‍ എടുക്കണം", എന്നാണ് പ്രൊമോ വീഡിയോയിലുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഫിറോസില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന പ്രയാസത്തെക്കുറിച്ച് രമ്യയും സൂര്യയും പറയുന്നുമുണ്ട്.
ബിഗ് ബോസിലെ ഞായര്‍, തിങ്കള്‍ എപ്പിസോഡുകള്‍ ഈ സീസണിലെതന്നെ ഏറ്റവും സംഘര്‍ഷാത്മകമായ എപ്പിസോഡുകള്‍ ആയിരുന്നു. വീക്കിലി ടാസ്‍കിലെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ മറ്റു മത്സരാര്‍ഥികള്‍ കൂട്ടമായി ഫിറോസ്-സജിനയുടെ പല നിലപാടുകളിലും തങ്ങള്‍ക്കുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും അറിയിച്ചിരുന്നു. ഏതാണ്ടെല്ലാ മത്സരാര്‍ഥികളും ഇവര്‍ക്കെതിരെയുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ എപ്പിസോഡ് ആയിരുന്നു അത്. 1 മുതല്‍ 13 വരെയുള്ള സ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വയം നിര്‍ണ്ണയിക്കേണ്ട ടാസ്‍ക് ഉണ്ടായിരുന്ന ഇന്നലത്തെ എപ്പിസോഡിലേക്കും മറ്റു കാരണങ്ങളാല്‍ ഈ ഉരസല്‍ നീണ്ടു. ഒന്നാം സ്ഥാനത്തിനുവേണ്ടി വാദിച്ച സജിന-ഫിറോസിനോട് അവര്‍ എന്തുകൊണ്ട് അത് അര്‍ഹിക്കുന്നില്ല എന്ന് അതേ സ്ഥാനത്തിനുവേണ്ടി വാദിച്ച രമ്യയും പിന്നീട് സൂര്യയും പറഞ്ഞതായിരുന്നു ഇന്നലത്തെ എപ്പിസോഡിന്‍റെ ഹൈലൈറ്റ്.
തന്നെക്കുറിച്ചുള്ള വ്യക്തിപരമായ എന്തോ കാര്യങ്ങള്‍ ഇവിടെ പറയുമെന്ന് ബ്ലാക്ക്മെയിലിംഗിന്‍റെ സ്വരത്തില്‍ ഫിറോസ് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് രമ്യ പറഞ്ഞപ്പോള്‍ തന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രമ്യയും പറഞ്ഞു. മണിക്കുട്ടനും കിടിലം ഫിറോസും ഈ വിഷയത്തില്‍ സ്ത്രീകളുടെ ഭാഗത്തുനിന്ന് ശക്തമായി പ്രതികരിച്ചിരുന്നു. ടാസ്‍കില്‍ അവസാനം 13-ാം സ്ഥാനം കൊണ്ട് തൃപ്തരാവേണ്ടിവന്നിരുന്നു ഫിറോസിനും സജിനയ്ക്കും.
ഏതായാലും സീസണ്‍ 3ല്‍ ഇതുവരെയുള്ള ആവേശകരമായ എപ്പിസോഡുകളില്‍ ഒന്നാവും ഇന്നത്തേത് എന്നാണ് പ്രൊമോ നല്‍കുന്ന സൂചന. ഫിറോസിനെയും സജിനയെയും റെഡ് കാര്‍ഡ് നല്‍കി പുറത്താക്കുമോ എന്നാണ് ഷോയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ സവിശേഷമായ എവിക്ഷന്‍ ആയിരിക്കും അത്. അതേസമയം സജിന-ഫിറോസ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലും ഇടംപിടിച്ചിരുന്നു. സായ് വിഷ്ണു, അഡോണി ടി ജോണ്‍, സന്ധ്യ മനോജ്, റിതു മന്ത്ര എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ള മറ്റു മത്സരാര്‍ഥികള്‍. മോഹന്‍ലാല്‍ എത്താതിരുന്നതിനാല്‍ ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ എലിമിനേഷന്‍ ഉണ്ടായിരുന്നില്ല.