Asianet News MalayalamAsianet News Malayalam

'എന്‍റെ ഭാവി ഒന്ന് പ്രവചിക്കുമോ'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് റോണ്‍സന്‍റെ മറുപടി

റോണ്‍സനാണ് ഈ വാരത്തിലെ ക്യാപ്റ്റന്‍

ronson vincent bigg boss malayalam 4 mohanlal asked about his future
Author
Thiruvananthapuram, First Published Apr 17, 2022, 10:26 PM IST | Last Updated Apr 17, 2022, 10:26 PM IST

ബി​ഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ നാലാം വാരത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ന്. 17 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോഴും 17 പേരാണ് ഉള്ളത്. എന്നാല്‍ ഒരു എലിമിനേഷനും സംഭവിച്ചിരുന്നു. യുവനടി ജാനകി സുധീര്‍ ആണ് പുറത്തായത്. ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി യുട്യൂബറും മലയാളം അധ്യാപകനുമായ മണികണ്ഠന്‍ കൂടി എത്തിയതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം വീണ്ടും 17 ആയത്. അതേസമയം ഈസ്റ്റര്‍ ആഘോഷങ്ങളോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. മത്സരാര്‍ഥികളുടെ വിവിധ കലാപരിപാടികളോടെ തുടങ്ങിയ എപ്പിസോഡില്‍ അവര്‍ക്കായി കേക്കും ജ്യൂസുമൊക്കെ എത്തി. അവതാരകനായ മോഹന്‍ലാല്‍ എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നു. കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചയും മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ഇന്ന് നടന്നു.

ദില്‍ഷയായിരുന്നു കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍. ഈ സ്ഥാനത്ത് തെറ്റില്ലാത്ത പ്രകടനമാണ് താന്‍ നടത്തിയതെന്ന അഭിപ്രായക്കാരിയായിരുന്നു ദില്‍ഷ. എന്നാല്‍ ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ദില്‍ഷയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല പങ്കുവച്ചത്. നിസ്സാര പ്രശ്നങ്ങള്‍ പലതും പരിഹരിക്കാന്‍ ശ്രമിച്ച് വലിയ പ്രശ്നമായി മാറുകയായിരുന്നെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇത്തവണത്തെ ക്യാപ്റ്റനായ റോണ്‍സണോടും മോഹന്‍ലാല്‍ സംസാരിച്ചു. എന്നാല്‍ റോണ്‍സണ്‍ നിശ്ചയിച്ചിരുന്ന കിച്ചണ്‍ ടീമിലെ മൂന്നുപേരെ മോഹന്‍ലാല്‍ മാറ്റുകയും ചെയ്‍തു. വീക്കിലി ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥികളെ അഭിനന്ദിച്ച മോഹന്‍ലാല്‍ അക്കാര്യത്തില്‍ റോണ്‍സണെയും അഭിനന്ദിച്ചു.

ഒരു സ്കിറ്റ് ആണ് റോണ്‍സണും ടീമും അവതരിപ്പിച്ചിരുന്നത്. നവീന്‍, ബ്ലെസ്‍ലി, നിമിഷ എന്നിവര്‍ക്കൊപ്പം അവതരിപ്പിച്ച സ്കിറ്റില്‍ ഒരു ജ്യോത്സ്യന്‍റെ കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചത്. വീക്കിലി ടാസ്കുകളിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നും അദ്ദേഹത്തിന്‍റേതായിരുന്നു. അതിനെ അഭിനന്ദിച്ച മോഹന്‍ലാല്‍ ജ്യോത്സ്യന്‍ വേഷം കെട്ടിയ റോണ്‍സന് തന്‍റെ ഭാവി പ്രവചിക്കാന്‍ ആവുമോയെന്നും തമാശയ്ക്ക് ചോദിച്ചു. രാജയോ​ഗമാണ് എന്നായിരുന്നു റോണ്‍സന്‍റെ മറുപടി. ഭാവി ഭൂതമായിരിക്കുന്ന ഒരാളാണ് താന്‍ എന്നായിരുന്നു സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിലെ കഥാപാത്രത്തെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ബറോസില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതത്തിന്‍റേതാണ്. എന്നാലും രാജയോ​ഗമാണ് മുന്നിലുള്ളത് എന്നായിരുന്നു റോണ്‍സന്‍റെ മറുപടി.

അതേസമയം പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കു ശേഷം ബി​ഗ് ബോസ് ഹൗസിലെ ബലതന്ത്രങ്ങളില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മത്സരാര്‍ഥികള്‍. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രി ഇന്നലെ സംഭവിച്ചത്. അതേസമയം സീസണിലെ രണ്ടാമത്തെ എലിമിനേഷനും ഇന്ന് സംഭവിക്കാന്‍ സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios