'ഫൈനല്‍ ഫൈവ്' എത്താതെ ഒരാള്‍ പുറത്ത്; ആറാം സ്ഥാനം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
79 ലക്ഷം വോട്ടുകള്‍ നേടിയ മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ആറാം സ്ഥാനം പ്രഖ്യാപിച്ച് അവതാരകനായ മോഹന്‍ലാല്‍. അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് പേരില്‍ നിന്ന് ആദ്യം പുറത്തായ, എട്ടാം സ്ഥാനക്കാരന്‍ നോബി മാര്‍ക്കോസ് ആയിരുന്നു. പിന്നാലെ ഏഴാം സ്ഥാനത്ത് എത്തിയ ആളെയും ആ മത്സരാര്‍ഥി നേടിയ വോട്ടും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. റിതു മന്ത്രയാണ് ഏഴാമത് എത്തിയത്. ആകെ നേടിയത് 66 ലക്ഷം വോട്ടുകളും. അവശേഷിച്ച ആറു പേരില്‍ നിന്ന് ആരാണ് പുറത്താവുക എന്ന ആകാംക്ഷയിലായിരുന്നു മറ്റു മത്സരാര്‍ഥികള്‍.
'ഫൈനല്‍ ഫൈവി'നു തൊട്ടുമുന്‍പ് പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ട മത്സരാര്‍ഥി കിടിലം ഫിറോസ് ആണ്. 79 ലക്ഷം വോട്ടുകളാണ് ഫിറോസ് സീസണ്‍ 3ല്‍ ആകെ നേടിയത്. അവശേഷിക്കുന്ന മത്സരാര്‍ഥികളാണ് ബിഗ് ബോസ് സീസണ്‍ 3ലെ 'ഫൈനല്‍ ഫൈവ്'. മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്‍ണു, ഡിംപല്‍, റംസാന്‍ എന്നിവരില്‍ നിന്നാണ് ഇനിയുള്ള വിജയികള്‍.
അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ 'ഗെയ്‍മര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണനും 'എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍' മണിക്കുട്ടനും 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.
അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona