'ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ട് അതില്‍ ഇടംപിടിച്ചില്ലല്ലോ എന്ന് ചോദിക്കുന്നവരോട്'; കിടിലം ഫിറോസിന്‍റെ മറുപടി
"നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് ആ ആളും ഞാനും തമ്മില്‍ പ്രശ്‍നമില്ല"
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണത്തിനായുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന ഷോയുടെ ഫിനാലെ ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ 24ന് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. റെക്കോര്‍ഡഡ് ആയി എത്തുന്ന ഫിനാലെ എപ്പിസോജ് ഓഗസ്റ്റ് ഒന്നിന് രാത്രി ഏഴിനാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക. അതേസമയം ഷോ അവസാനിച്ചിട്ടും, മത്സരാര്‍ഥികളെല്ലാവരും സൗഹാര്‍ദ്ദപൂര്‍വ്വം പിരിഞ്ഞപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ചിലര്‍ നടത്തുന്ന ഫാന്‍ ഫൈറ്റിനെക്കുറിച്ച് പറയുകയാണ് മത്സരാര്‍ഥികളില്‍ ഒരാളായ കിടിലം ഫിറോസ്. തങ്ങള്‍ക്കില്ലാത്ത വെറുപ്പ് ആരാധകര്‍ എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന് ചോദിക്കുന്നു അദ്ദേഹം. ഒപ്പം മത്സരഫലത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നു ഫിറോസ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് കിടിലം ഫിറോസിന്‍റെ പ്രതികരണം.
കിടിലം ഫിറോസ് പറയുന്നു
വലിയൊരു എന്‍റര്‍ടെയ്‍ന്‍മെന്‍റ് നൈറ്റ് ആയിരിക്കും ഓഗസ്റ്റ് ഒന്നിന് നടക്കാനിരിക്കുന്ന ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ. ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി ഒന്നുരണ്ട് ദിവസം കഴിയുന്നു. അപ്പോഴേക്ക് സോഷ്യല്‍ മീഡിയ വീണ്ടും സജീവമായിരിക്കുകയാണ്. ഫാന്‍ ആര്‍മികള്‍ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും അടി ആരംഭിച്ചിരിക്കുകയാണ്. അതിനെക്കുറിച്ചാണ് പറയാനുള്ളത്. അത് ഒപ്പം മത്സരിച്ചവര്‍ക്കൊക്കെ സങ്കടമാവുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ക്കൂടി പറയട്ടെ. ഞങ്ങള്‍, അവിടെ മത്സരിച്ച 19 പേരും അടുത്ത സുഹൃത്തുക്കളാണ്. നിങ്ങള്‍ കാണുന്ന ഒരു ഇമേജ് അല്ല ഞങ്ങളുടെ മനസ്സുകള്‍ക്കുള്ളത്. എതിരാളി, ശത്രു എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ ആ ഗെയിമിന് അകത്താണ്. അവിടെ പരസ്‍പരം കലിപ്പും അടിയുമൊക്കെ ഉണ്ടാവും. അതിനാണല്ലോ അങ്ങോട്ട് പോകുന്നത്. അത് അവിടെനിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. മത്സരാര്‍ഥികള്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും പിരിഞ്ഞ സീസണ്‍ കൂടിയാണ് ഇത്. ആരും പരസ്‍പരം വൈരാഗ്യം സൂക്ഷിക്കുന്നില്ല. മത്സരാര്‍ഥികളോട് അന്ധമായ ആരാധന സൂക്ഷിക്കുന്ന സോഷ്യല്‍ മീഡിയയിലെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഈ പ്രശ്‍നം.
നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് ആ ആളും ഞാനും തമ്മില്‍ പ്രശ്‍നമില്ല. അവിടെ ഏറ്റവും കൂടുതല്‍ അടി നടന്നത് ഞാനും പൊളി ഫിറോസും തമ്മിലാണ്. പക്ഷേ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കലാണ്. ഷോയിലേക്ക് പോകുന്നത് ജയിക്കാന്‍ വേണ്ടിയല്ലേ? വെറുതെ ഇരിക്കാന്‍ അവര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ടുതന്നെ അവിടെവച്ച് പ്രശ്‍നങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ അവിടെനിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. കൂട്ടത്തിലൊരാള്‍ ജയിക്കുന്നത് കാണുമ്പോള്‍ മനസ് നിറയും. ഈ സീസണ്‍ കഴിയുമ്പോള്‍ ആരും തമ്മില്‍ വ്യക്തിവൈരാഗ്യം സൂക്ഷിക്കരുതെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത്തരം ഒരു വ്യക്തിവൈരാഗ്യവും മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ല. എല്ലാവരും സുഹൃത്തുക്കളാണ്. മറ്റൊരാള്‍ക്ക് ഒരു നേട്ടമുണ്ടാവുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഓരോരുത്തരും. ഒന്നാം സ്ഥാനക്കാരന്‍ അത് അര്‍ഹിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഞാന്‍ ഫൈനല്‍ ഫൈവില്‍ എത്തിയില്ല എന്നതടക്കം എല്ലാം പൊതുജനം തീരുമാനിക്കുന്നതല്ലേ. ജനം തന്ന ആറാംസ്ഥാനം അംഗീകരിക്കുന്നു. അത് അങ്ങനെതന്നെ മതി. ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ട് നിങ്ങള്‍ അതില്‍ വന്നില്ലല്ലോ എന്നൊക്കെ പറയുന്നവരുണ്ട്. ആ പ്രവചനം എന്നു പറയുന്നത് ഗെയിമിന്‍റെ ഭാഗമാണ്. നമ്മള്‍ പ്രവചിക്കുന്ന എല്ലാ കാര്യങ്ങളും സംഭവിക്കുകയാണെങ്കില്‍ ജീവിതം എത്ര മനോഹരമായേനെ? അതിലൊന്നും പരാതിയോ പരിഭവമോ ഒന്നുമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona