'ഫൈനല്‍ ഫൈവ് എത്തിയില്ല, തിരികെ വീടെത്തി'; ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം കിടിലം ഫിറോസ്
"മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം എന്നുള്ളവർക്ക് വിമർശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം"
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഏഷ്യാനെറ്റില്‍ ഓഗസ്റ്റ് ഒന്നിനാണ്. ബിഗ് ബോസ് ഫിനാലെ സാധാരണ ലൈവ് സംപ്രേക്ഷണമാണെങ്കില്‍ ഇക്കുറി അത് റെക്കോര്‍ഡഡ് സംപ്രേക്ഷണമാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ 24ന് ഫിനാലെയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. വിജയികള്‍ ആരൊക്കെയെന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും അണിയറക്കാരുടെ ഭാഗത്തുനിന്ന് അതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. എട്ട് മത്സരാര്‍ഥികളാണ് ഇക്കുറി ഫിനാലെയിലേക്ക് എത്തിയത്. അതില്‍ ഡിംപല്‍ ഭാല്‍ ആണ് തനിക്ക് ലഭിച്ച സ്ഥാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നുമാണ് ഡിംപല്‍ പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു മത്സരാര്‍ഥിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കിടിലം ഫിറോസ് ആണ് ആ മത്സരാര്‍ഥി. താന്‍ ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചില്ലെന്നു പറയുന്നു ഫിറോസ്.
കിടിലം ഫിറോസ് പറയുന്നു
"തോറ്റു. ഫൈനൽ ഫൈവ് എത്തിയില്ല. തിരികെ വീടെത്തി. പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം. മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം എന്നുള്ളവർക്ക് വിമർശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം. വിജയിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ലക്ഷങ്ങൾ വോട്ട് ചെയ്തിരുന്നു. അവരോടൊപ്പം ഉണ്ടാകും മരണം വരെ. എനിക്കുവേണ്ടി ഉറക്കമുപേക്ഷിച്ചു പ്രാർഥിച്ചവരും പ്രവർത്തിച്ചവരുമുണ്ട്. നിങ്ങൾ ജയിക്കും. ഓഗസ്റ്റ് ഒന്നിന് ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ അഭിമാനത്തോടെ തലയുയർത്തി ചിരിക്കും. പരക്കട്ടെ പ്രകാശം."
കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇനിയും എത്തിയിട്ടില്ലെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നതുപോലെ മണിക്കുട്ടനാണ് ടൈറ്റില്‍ വിന്നര്‍ എന്നാണ് വിവരം. രണ്ടാം സ്ഥാനത്ത് സായ് വിഷ്‍ണു എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൂന്നാം സ്ഥാനത്ത് എത്തിയ വിവരം ഡിംപല്‍ ഭാല്‍ സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ ഇങ്ങനെയാണെന്നാണ് നിലവില്‍ ലഭ്യമായ വിവരം.
4. റംസാന്‍ മുഹമ്മദ്
5. അനൂപ് കൃഷ്‍ണന്‍
6. കിടിലം ഫിറോസ്
7. റിതു മന്ത്ര
8. നോബി മാര്‍ക്കോസ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona