ഒടുവില്‍ ആ സംവിധായകൻ എത്തി, മുണ്ട് മടക്കിക്കുത്തി ബിഗ് ബോസ് വീട്ടിലേക്ക് നടന്നുകയറി
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡായി എത്തിയ സംവിധായകന്റെ ലുക്ക് കണ്ട് അമ്പരന്ന് മോഹൻലാലും.
ബിഗ് ബോസ് മലയാളം ഷോയില്‍ വലിയ വഴിത്തിരിവുണ്ടാക്കിയതാണ് ഓരോ വൈല്‍ഡ് കാര്‍ഡ് എൻട്രിയും. ഇക്കുറി വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ആദ്യം എത്തിയത് ഹനാൻ ആയിരുന്നു. വീട്ടിലേക്കുള്ള ഹനാന്റെ വരവ് മറ്റുള്ള മത്സരാര്‍ഥികളുടെ പ്രകടനത്തെ ബാധിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ ഹനാന് ആരോഗ്യ പ്രശ്‍നങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകേണ്ടി വന്നു. ഷോയിലേക്കെത്തിയ ഹനാൻ എന്തായാലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്റെ സാന്നിദ്ധ്യം ചെറുതായെങ്കിലും അടയാളപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് മറ്റൊരു വൈല്‍ഡ് കാര്‍ഡ് എൻട്രിയും ഇന്ന് എത്തിയിരിക്കുകയാണ്. സംവിധായകനായും സാമൂഹ്യ മാധ്യമത്തിലെ നിറ സാന്നിദ്ധ്യമായും മലയാളികള്‍ അറിയുന്ന ഒമര്‍ ലുലുവാണ് ബിഗ് ബോസിലെ പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രി.
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്. ഒമര്‍ ലുലു ഹൗസിലെ മറ്റ് മത്സരാര്‍ഥികളുമായി പരിചയപ്പെടുന്ന രംഗം ഇന്നത്തെ എപ്പിസോഡില്‍ കാണിച്ചില്ല.
മോഹൻലാല്‍ പറഞ്ഞ സംവിധായകൻ ആക്റ്റീവിറ്റി ഏരിയയില്‍ എത്തിയിട്ടുണ്ടെന്ന് ബിഗ് ബോസും അറിയിക്കുന്നതായി ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊ വീഡിയോയിലുണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് സംവിധായകൻ വരുന്നതറിഞ്ഞ മത്സരാര്‍ഥികളുടെ മുഖത്ത് അമ്പരപ്പായിരുന്നു.ഒരു സര്‍പ്രൈസാണെന്ന് സംവിധായകൻ ഒമര്‍ ലുലുവിനോട് മോഹൻലാലും പറഞ്ഞിരുന്നു. രണ്ടാം വൈല്‍ഡ് കാര്‍ഡ് എൻട്രി ബിഗ് ബോസില്‍ എന്ത് മാറ്റങ്ങളാണ് സൃഷ്‍ടിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. 'ഹാപ്പി വെഡ്ഡിംഗി'ന് ശേഷം സംവിധാനം ചെയ്‍ത 'ചങ്ക്സും' വൻ ഹിറ്റായി മാറി. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു.
'ധമാക്ക' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഒമര്‍ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് 'നല്ല സമയം' ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാർഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി 'പവര്‍ സ്റ്റാര്‍' ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: വിജയ് നായകനായി സിനിമ ചെയ്യുമോ? വിഘ്‍നേശ് ശിവന്റെ മറുപടി ഇങ്ങനെ