എന്താണ് ഗെയിം പ്ലാന്‍? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മണികണ്ഠന്‍റെ മറുപടി
ഈ സീസണിലെ 18-ാമത്തെ മത്സരാര്‍ഥിയാണ് മണികണ്ഠന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിരിക്കുകയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് കലാകാരന്‍, കൃഷി, അധ്യാപനം തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളില്‍ അനുഭവ പരിചയമുള്ള മണികണ്ഠന്‍ ആണ് ഈ സീസണിലെ 18-ാമത്തെ മത്സരാര്‍ഥിയായി വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. മണികണ്ഠനെപ്പോലെ ഒരു മത്സരാര്‍ഥി നിലവിലെ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തുമ്പോഴുള്ള കൌതുകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പുതിയ മത്സരാര്‍ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്.
ബിഗ് ബോസ് മലയാളത്തിലെ നിബന്ധനകളിലൊന്ന് മത്സരാര്‍ഥികള്‍ കഴിവതും മലയാളം തന്നെ സംസാരിക്കണം എന്നാണ്. എന്നാല്‍ ഇക്കുറി പലരും അത് തെറ്റിക്കുന്നത് സാധാരണമാണ്. ദേഷ്യം വരുമ്പോള്‍ പല മത്സരാര്‍ഥികളും ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറ്. ഒരു ജനറേഷന്‍ ഗ്യാപ്പ് ആണ് ഇക്കാര്യത്തില്‍ താന്‍ കാണുന്നതെന്നാണ് മോഹന്‍ലാലിനോട് മണികണ്ഠന്‍ പറഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്‍റെ കഴിഞ്ഞ സീസണുകളില്‍ കുറച്ചുകൂടി പ്രായമുള്ളവരാണ് കൂടുതലും പങ്കെടുത്തതെന്നും അവര്‍ ഇത്തരം സംസാരശൈലി ഉപയോഗിച്ചിരുന്നില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. മലയാളം പഠിച്ചവര്‍ വീഴുമ്പോള്‍ അയ്യോ എന്നേ അവരുടെ നാക്കില്‍ പെട്ടെന്ന് വരൂ. അല്ലാതെ മൈ ഗോഡ് എന്ന് വരില്ല. അത്തരത്തില്‍ ഭാഷ പഠിച്ച് വളര്‍ന്നതുകൊണ്ടാവും ഇടയ്ക്കിടെ ഇംഗ്ലീഷ് വരുന്നത്, മണികണ്ഠന്‍ പറഞ്ഞു.
ഈ സീസണില്‍ തനിക്ക് ഭീഷണിയെന്ന് തോന്നുന്ന ഒരു മികച്ച മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് ഒരാളെയായി പറയാന്‍ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കഴിഞ്ഞ വാരങ്ങളിലെ ഷോ കണ്ടതില്‍ നിന്ന് സ്ഥിരമായി മികവ് കാട്ടുന്ന ഒരു മത്സരാര്‍ഥി ഇല്ല എന്നാണ് അഭിപ്രായം. ചിലപ്പോള്‍ മികച്ചു നില്‍ക്കുന്നവര്‍ മറ്റു ചിലപ്പോള്‍ താഴേക്ക് പോകുന്നത് കാണാം. ഡോ. റോബിന്‍, ജാസ്‍മിന്‍ എന്നിവരൊക്കെ അവരില പെടും. സീക്രട്ട് റൂമില്‍ പോയി വന്നതിനു ശേഷം നിമിഷയുടെ രീതികളില്‍ വ്യത്യാസം വന്നിട്ടുണ്ട്, മണികണ്ഠന്‍ പറഞ്ഞു.
ബിഗ് ബോസ് ഹൌസില്‍ എങ്ങനെ ആയിരിക്കും എന്ന ചോദ്യത്തിന് തന്നാല്‍ ആവുന്ന രീതിയില്‍ ശ്രമിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ചെറുപ്പത്തിന്‍റെ ചുറുചുറുക്കൊന്നുമില്ല. ഗ്രാമത്തില്‍ നിന്ന് വരുന്ന ഒരു സാധാരണക്കാരനാണ്. മത്സരാര്‍ഥി എന്ന നിലയില്‍ തന്നാല്‍ ആവുന്ന രീതിയില്‍ മികവോടെ കളിക്കാന്‍ ശ്രമിക്കും. മറ്റു മത്സരാര്‍ഥികളുടെ മലയാളം മെച്ചപ്പെടുത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയോടു കൂടിയാണ് മണികണ്ഠനെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് അയച്ചിരിക്കുന്നത്.