'നിയമങ്ങള്‍ അനുസരിക്കാന്‍ വയ്യെങ്കില്‍ ഇപ്പോള്‍ തന്നെ പുറത്തേക്ക് വരാം'; റോബിന് മുന്നറിയിപ്പുമായി മോഹന്‍ലാല്‍
സ്ക്രീന്‍ സ്പേസിനു വേണ്ടിയാണോ റോബിന്‍റെ പ്രവര്‍ത്തികളെന്ന ്മോഹന്‍ലാല്‍
മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം അടച്ചിട്ട ഒരു വീട്ടില്‍ പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസം കഴിയുക എന്നത് മാത്രമല്ല ബിഗ് ബോസ് (Bigg Boss) മുന്നോട്ടുവെക്കുന്ന ചാലഞ്ച്. മറിച്ച് അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ഗെയിം പൂര്‍ത്തിയാക്കുക എന്നതു കൂടിയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു നേരെ പുറത്താക്കല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ ബിഗ് ബോസ് പലപ്പോഴും സ്വീകരിക്കാറുണ്ട്. ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് മോഹന്‍ലാല്‍ കര്‍ശനമായ താക്കീത് നല്‍കി. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ആയിരുന്നു അത്.
ഈ സീസണിലെ പ്രത്യേകതകളുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് റോബിന്‍. മറ്റുള്ളവരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു ആദ്യ രണ്ട് വാരങ്ങളില്‍ അദ്ദേഹത്തിന്. ആരുമാരും കാര്യമായ സൌഹൃദമൊന്നും ഉണ്ടാക്കാതെ മുന്നോട്ടുപോയ അദ്ദേഹം പലപ്പോഴും ബിഗ് ബോസിന്‍റെ നിയമങ്ങള്‍ക്ക് വില കൊടുക്കാതിരിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. കഴിഞ്ഞ വാരത്തില്‍ അത്തരം രണ്ട് സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് താന്‍ അംഗമായ കിച്ചണ്‍ ടീമില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തെത്തിയതായിരുന്നു. അതേ ടീമിലുള്ള ഡെയ്‍സിയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടായിരുന്നു ഈ തീരുമാനം.
മറ്റൊന്ന് ജയില്‍ നോമിനേഷന്‍ സമയത്ത് ബിഗ് ബോസിന്‍റെ നിര്‍ദേശം അവഗണിച്ച് നോമിനേഷന് തയ്യാറാവാതെ നിന്നതായിരുന്നു. തനിക്ക് ഒരാളിലും കുറ്റങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നും ആയതിനാല്‍ ജയില്‍ നോമിനേഷന്‍ നടത്തുന്നില്ലെന്നുമായിരുന്നു റോബിന്‍റെ നിലപാട്. ക്യാപ്റ്റന്‍ ദില്‍ഷയുള്‍പ്പെടെ മറ്റു മത്സരാര്‍ഥികളൊക്കെയും പല തവണ ആവശ്യപ്പെട്ടെങ്കിലും നോമിനേഷന്‍ നടത്താനില്ലെന്ന അഭിപ്രായമായിരുന്നു റോബിന്. അവസാനം ബിഗ് ബോസിനും ഇക്കാര്യത്തില്‍ റോബിനെ നിര്‍ബന്ധിക്കേണ്ടിവന്നു.
ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മോഹന്‍ലാല്‍ ഇന്ന് സംസാരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ ബിഗ് ബോസ് ഹൌസില്‍ നടക്കില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഈ കാട്ടിക്കൂട്ടുന്നതൊക്കെ സ്ക്രീന്‍ സ്പേസ് കിട്ടാന്‍ വേണ്ടിയാണോ എന്നും ചോദിച്ചു. നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ബാഗ് പാക്ക് ചെയ്‍ത് തന്‍റെ അടുത്തേക്ക് വരാമെന്നും പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ ഒന്ന് വിശദീകരിക്കട്ടെ എന്നായിരുന്ന റോബിന്‍റെ ആദ്യ പ്രതികരണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. താന്‍ ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഇത്തരത്തില്‍ മറുപടി പറയരുതെന്നും തങ്ങള്‍ എല്ലാം കണ്ടുകൊണ്ടാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ അപ്രതീക്ഷിത പ്രതികരണത്തില്‍ പരുങ്ങലിലായിരുന്നു റോബിന്‍. നിയമപാലനത്തിന്‍റെ കാര്യം മറ്റു മത്സരാര്‍ഥികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.