മണിക്കുട്ടനോ റംസാനോ? ബിഗ് ബോസില്‍ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു
മത്സരം ആദ്യമൊരു ഫിസിക്കല്‍ ടാസ്‍കിന്‍റെ രൂപം പ്രാപിച്ചെങ്കിലും ബിഗ് ബോസ് അതിനെ തടഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ ഫിറോസിന്‍റെ ബക്കിള്‍ ഊരിമാറ്റി മണിക്കുട്ടന്‍ ഫിറോസിനെയും സജിനയെയും പുറത്താക്കി. എന്നാല്‍ അവശേഷിച്ച മണിക്കുട്ടനും റംസാനുമിടയിലുള്ള ടാസ്ക് ഒരു രാത്രിയും കടന്ന് പിറ്റേന്ന് പകലിലേക്കും നീളുകയായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ പല ക്യാപ്റ്റന്‍സി ടാസ്‍കുകളും ആവേശകരമായിരുന്നു. ഈ ആഴ്ചയിലേത് പക്ഷേ ആവേശകരം എന്നതിനു പുറമെ ഏറെ വ്യത്യസ്തവുമായിരുന്നു. ഫിറോസ്-സജിന, മണിക്കുട്ടന്‍, റംസാന്‍ എന്നിവരായിരുന്നു ഈ വാരം ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് യോഗ്യത നേടിയത്. കയര്‍ കെട്ടിയുണ്ടാക്കി, നാല് അറ്റങ്ങളിലായി നാല് ബക്കിളുകള്‍ പിടിപ്പിച്ച ഒരു പ്രോപ്പര്‍റ്റിയാണ് ബിഗ് ബോസ് മത്സരിക്കാനായി നല്‍കിയത്. ഈ ബക്കിളുകളില്‍ ഓരോന്ന് വീതം ഓരോ മത്സരാര്‍ഥിയും സ്വന്തം പാന്‍റ്സിന്‍റെ ബെല്‍റ്റ് കെട്ടുന്ന ഭാഗത്ത് ഭദ്രമായി ബന്ധിപ്പിക്കണമായിരുന്നു. ബക്കിള്‍ പാന്‍റ്സില്‍ നിന്നും സ്വയം അഴിച്ചുമാറ്റുകയോ വേര്‍പെട്ട് പോവുകയോ ചെയ്താല്‍ അവര്‍ മത്സരത്തില്‍നിന്നും പുറത്താവുമായിരുന്നു. സജിനയും ഫിറോസും ഒറ്റ മത്സരാര്‍ഥി ആയതിനാല്‍ അവരില്‍ ഒരാളുടെ ബക്കിള്‍ ഊരിമാറിയാല്‍ രണ്ടുപേരും പുറത്താവുമായിരുന്നു.
മത്സരം ആദ്യമൊരു ഫിസിക്കല്‍ ടാസ്‍കിന്‍റെ രൂപം പ്രാപിച്ചെങ്കിലും ബിഗ് ബോസ് അതിനെ തടഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ ഫിറോസിന്‍റെ ബക്കിള്‍ ഊരിമാറ്റി മണിക്കുട്ടന്‍ ഫിറോസിനെയും സജിനയെയും പുറത്താക്കി. എന്നാല്‍ അവശേഷിച്ച മണിക്കുട്ടനും റംസാനുമിടയിലുള്ള ടാസ്ക് ഒരു രാത്രിയും കടന്ന് പിറ്റേന്ന് പകലിലേക്കും നീളുകയായിരുന്നു. ഫിസിക്കല്‍ ടാസ്ക് അല്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നതിനാല്‍ ബലപ്രയോഗത്തിലൂടെ ജയിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. അതിനാല്‍ രാത്രി മുഴുവന്‍ അനിശ്ചിതമായി കാത്തിരിക്കുന്ന ഇരുവരെയുമാണ് പ്രേക്ഷകര്‍ കണ്ടത്.
പിറ്റേന്ന് പുലര്‍ച്ചെ റംസാന്‍ സ്വയം പിന്മാറുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന മണിക്കുട്ടനെയാണ് കണ്ടത്. അല്ലാത്തപക്ഷം താന്‍ പിന്മാറാമെന്നും മണിക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഒരു വടംവലിയിലൂടെ വിജയിയെ കണ്ടെത്താമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് ക്യാപ്റ്റന്‍ സായിയുടെ സമ്മതവും കിട്ടിയതോടെ ക്യാപ്റ്റന്‍സി ടാസ്ക് ആവേശകരമായ മത്സരത്തിലേക്ക് കടന്നു. കൈ കൊണ്ട് പിടിക്കാതെ പരസ്പരം വലിച്ചുപിടിച്ച് എതിരാളിയുടെ ബക്കിള്‍ പൊട്ടിക്കുക എന്നതായിരുന്നു ഇരുവര്‍ക്കും മുന്നിലുള്ള ടാസ്ക്. കുറച്ചുനേരം നീണ്ടുപോയ ടാസ്‍കിനൊടുവില്‍ മണിക്കുട്ടനാണ് വിജയിയായത്. വരുന്ന വാരത്തിലെ ക്യാപ്റ്റനായി മണിക്കുട്ടനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഗ് ബോസിന്‍റെ അറിയിപ്പും പിന്നാലെ എത്തി. മണിക്കുട്ടന്‍ ഇത് രണ്ടാംതവണയാണ് ക്യാപ്റ്റന്‍ ആവുന്നത്.