Bigg Boss S 4 : ബിഗ് ബോസ് ടോപ് ഫൈവിൽ ആരൊക്കെ ? മോഹൻലാലിനോട് അശ്വിന്‍ പറയുന്നു
റോബിൻ ഉണ്ടാകില്ലേ എന്ന് മോഹൻലാൽ ചോദിച്ചതിന്, അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു അശ്വിന്റെ മറുപടി.
ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബിഗ് ബോസിൽ(Bigg Boss ) എത്തി ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി മാറിയ ആളാണ് അശ്വിൻ. എന്നാൽ ഷോ തുടങ്ങി ഒരുമാസം എത്താറാകുമ്പോഴേക്കും മൂന്നാമത്തെ മത്സരാർത്ഥിയായി അശ്വിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്. ബ്ലെസ്ലി, സൂരജ്, റോബിൻ, എന്നിവരായിരുന്നു നോമിനേഷനിൽ വന്ന മറ്റ് മൂന്ന് പേർ. തന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ബിഗ് ബോസ് എന്ന് പറയുകയാണ് അശ്വിൻ. ബിഗ് ബോസ് വീട്ടിൽ നിന്നും മോഹൻലാലിന്റെ അടുത്തെത്തിയപ്പോഴായിരുന്നു അശ്വിന്റെ പ്രതികരണം.
ബിഗ് ബോസിലൂടെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. എന്റെ വ്യക്തിത്വം എന്താണെന്ന് പുറംലോകത്തേക്ക് അറിയിക്കാൻ സാധിച്ചു. കുറച്ച് നാള് കൊണ്ട് കുറച്ച് പേർക്കെങ്കിലും എന്റെ ജീവിതം പ്രചോദമായെന്ന് കരുതുന്നെന്നും അശ്വിൻ പറയുന്നു. കുറച്ചു കൂടി നിക്കാമായിരുന്നുവെന്ന് തോന്നുന്നുവോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, എന്റെ മാക്സിമം ഞാൻ കൊടുത്തു കഴിഞ്ഞുവെന്നും താൻ ഇങ്ങനെ ആണെന്നുമായിരുന്നു അശ്വിന്റെ മറുപടി. കൂടുതൽ ആക്ടീവ് ആകണമെന്ന് എത്രതവണ താൻ പറഞ്ഞുവെന്നും മോഹൻലാൽ അശ്വിനോട് ചോദിക്കുന്നു.
പിന്നാലെ ഷോ തുടങ്ങിയത് മുതൽ ഇതുവരെയുള്ള വീട്ടിനകത്തെ അശ്വിന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് മോഹൻലാൽ കാണിച്ചു കൊടുക്കുകയും ചെയ്തു. ആരെയാകും ബിഗ് ബോസ് വീട്ടിൽ മിസ് ചെയ്യുകയെന്ന ചോദ്യത്തിന് നവീൻ എന്നായിരുന്നു അശ്വിന്റെ മറുപടി. "എന്നെ വ്യക്തിപരമായി മനസ്സിലാക്കിയ ആളാണ് നവീൻ ചേട്ടൻ. കാരണം ഞാൻ ഏതെങ്കിലും നിമിഷം ഡൗൺ ആയിപ്പോയെന്ന് തോന്നിയാൽ അദ്ദേഹം തന്നൊരു സപ്പോർട്ട്, അതിനെക്കാൾ വലുതൊന്നും ഇല്ലല്ലോ ലാലേട്ടാ. ജാസ്മിനെയും നിമിഷയെയും മിസ് ചെയ്യും", എന്ന് അശ്വിൻ പറയുന്നു.
ഒപ്പം ടോപ് ഫൈനലിൽ വരാൻ പോകുന്നത് ആരൊക്കെയാകും എന്ന തന്റെ ഒപ്പീനിയനും അശ്വിൻ പറഞ്ഞു. ബ്ലെസ്ലി, റോൺസൺ, ധന്യ, അഖിൽ, നവീൻ എന്നിവരുടെ പേരുകളാണ് അശ്വിൻ പറഞ്ഞത്. റോബിൻ ഉണ്ടാകില്ലേ എന്ന് മോഹൻലാൽ ചോദിച്ചതിന്, അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു അശ്വിന്റെ മറുപടി. സ്ട്രാറ്റർജി എന്ന് പറയുന്നത് ഒരിക്കലും വീടിനകത്ത് നടക്കില്ല. നമുക്കൊരിക്കലും യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് റോബിൻ അവിടെ പറയുന്നതെന്നും അശ്വിൻ പറയുന്നു. ശേഷം എല്ലാവിധ സ്നേഹവും പ്രാർത്ഥനയും നേരുന്നുവെന്ന് പറഞ്ഞ് അശ്വിനെ മോഹൻലാൽ യാത്രയാക്കുകയും ചെയ്തു.