90 ശതമാനം ചിത്രീകരണവും കടലില്‍, മികച്ച രണ്ടാമത്തെ ചിത്രം; രണ്ട് വര്‍ഷത്തിന് ശേഷം ഒടിടിയില്‍
90 ശതമാനവും കടലില്‍ ചിത്രീകരിച്ച സിനിമ. എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററുകളിലെത്തി, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം നിലവില്‍ കാണാനാവും. മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടെയും ചിത്രം കാണാനാവും.
90 ശതമാനവും കടലില്‍ ചിത്രീകരിച്ച സിനിമയാണ് ഇത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയുമാണ് ഇത്.
ജയപാലന്, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്ട്ടിന്, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന് അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന് ജോസഫ്, സിന് ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്. എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ചിത്രത്തിന്.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്റെ മനൈവികൾ' തിയറ്ററുകളിലേക്ക്