മാവേലിക്കരയിൽ കൊടിക്കുന്നിൽ വീണ്ടും കൊടിയേറ്റുമോ? സർവേ ഫലമെന്താകും?
തെക്ക് മൺറോ തുരുത്ത് മുതൽ കിഴക്ക് സഹ്യപർവതത്തിന്‍റെ താഴ്‍വാരം വരെയാണ് മാവേലിക്കര മണ്ഡലത്തിന്‍റെ അതിര്. മൂന്നാം വട്ടവും ഇവിടെ കൊടിക്കുന്നിൽ വിജയമാവർത്തിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.
ഓണാട്ടുകരയും അപ്പർ കുട്ടനാടും ഉൾപ്പടെ കാർഷികമേഖലകൾ പലതും ഉൾപ്പെടുന്ന മണ്ഡലമാണ് മാവേലിക്കര. എൻഎസ്എസ് ആസ്ഥാനമായ പെരുന്നയും ശബരിമല തന്ത്രിമാരുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂരും മാവേലിക്കരയിൽത്തന്നെ. ശബരിമല പ്രക്ഷോഭം കത്തിയ, പ്രളയം മുക്കിക്കളഞ്ഞ നാട് ഇത്തവണ ആർക്കൊപ്പം നിൽക്കും?
കഴിഞ്ഞ പത്ത് വർഷമായി മാവേലിക്കര എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കപ്പുറം ശബരിമല വിഷയത്തിലെ ഇടപെടൽ കൊടിക്കുന്നിൽ സുരേഷിന് നേട്ടമാകുമെന്ന് തന്നെയാണ് സർവേ ഫലം പറയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ബാലകൃഷ്ണപിള്ള എൽഡിഎഫിലേക്ക് പോയതൊന്നും കൊടിക്കുന്നിലിന് തിരിച്ചടിയാകില്ലെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.
ഇടത് വോട്ടുബാങ്ക് നിലനിർത്താനാകുമെങ്കിലും ചിറ്റയം ഗോപകുമാറിന് തിരിച്ചടിയാകുക ശബരിമല തന്നെയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
ബിഡിജെഎസ്സിന്‍റെ തഴവ സഹദേവന് മണ്ഡലത്തിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് വ്യക്തമാവുന്നത്. ശബരിമല വോട്ടാക്കാൻ തഴവ സഹദേവന് കഴിഞ്ഞില്ലെന്നും സർവേ ഫലം പ്രവചിക്കുന്നു.
ഫലമിങ്ങനെ:
കൊടിക്കുന്നിൽ സുരേഷ് : 46 %
ചിറ്റയം ഗോപകുമാർ : 33 %
തഴവ സഹദേവൻ : 18 %