'കര' പിടിക്കാന്‍ മുന്നണികള്‍; അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടം
1991 മുതൽ ജി.കാർത്തികേയൻ തുടർച്ചയായി ജയിച്ച മണ്ഡലമാണ് അരുവിക്കര. ആര്യനാട് പേര് മാറി അരുവിക്കരയായപ്പോഴും ജികെയെ നാട്ടുകാർ കൈവിട്ടില്ല.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അരുവിക്കര. കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിജയം ആവർത്തിക്കാൻ കെഎസ് ശബരീനാഥൻ ഇറങ്ങുമ്പോൾ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത് ജി സ്റ്റീഫനാണ്.
സാമുദായിക സമവാക്യം അടക്കം നോക്കി ജി.സ്റ്റീഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെയാണ് അരുവിക്കരയിലെ അങ്കം മുറുകുന്നത്. 1991 മുതൽ ജി.കാർത്തികേയൻ തുടർച്ചയായി ജയിച്ച മണ്ഡലമാണ് അരുവിക്കര. ആര്യനാട് പേര് മാറി അരുവിക്കരയായപ്പോഴും ജികെയെ നാട്ടുകാർ കൈവിട്ടില്ല.
2015ൽ കാർത്തികേയനറെ മരണത്തോടെ പിൻഗാമിയായെത്തിയ മകൻ ശബരിക്കൊപ്പമായിരുന്നു അരുവിക്കര. ഉപതെരഞ്ഞെടുപ്പിൽ 10125 വോട്ടിൽ ജയിച്ച ശബരി 2016ൽ ഭൂരിപക്ഷം 21134 ആക്കി ഉയർത്തി. തിരുവനന്തപുരത്ത് കോൺഗ്രസ് ഉറപ്പിച്ച മണ്ഡലത്തിൽ എതിരാളിയായി അരുവിക്കര ഏരിയാ സെക്രട്ടറി ജി.സ്റ്റീഫനെ സിപിഎം ഇറക്കിയതോടെയാണ് മത്സരം ശക്തമായത്.
എംവിജയകുമാറും എഎ റഷീദുമൊക്കെ വീണിടത്താണ് മികച്ച പ്രതിച്ഛായയുള്ള സ്റ്റീഫനെ സിപിഎം കൊണ്ടുവരുന്നത്. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച സ്റ്റീഫൻറെ പഠനവും വളർച്ചയുമൊക്ക പാർട്ടി ഓഫീസിൽ. മണ്ഡലത്തിൽ നിർണ്ണായകമായ നാടാർ സമുദായ അംഗം കൂടിയാണ് സ്റ്റീഫൻ എന്നത് കൂടി പരിഗണിച്ച് സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ശബരിയും ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായിരുന്ന അകൽച്ചയെല്ലാം മാറിയെന്നാണ് കോൺഗ്രസ് പറയുന്നത്. മുൻ ജില്ലാ പഞ്ചായച്ച് പ്രസിഡണ്ട് വികെ മധുവിനെ സ്ഥാനാർത്ഥിയാകുമെന്നുറപ്പിച്ചിടത്താണ് സ്റ്റീഫൻറെ വരവ്. പാർട്ടിയിൽ ഉയർന്ന പ്രതിഷേധം തണുത്തെന്നാണ് സ്റ്റീഫൻ പറയുന്നത്.
.കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സംവിധായകൻ രാജസേനൻ 20000 ലേറെ വോട്ട് പിടിച്ച മണ്ഡലത്തിൽ കൂടുതൽ കരുത്ത് കാട്ടുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ സ്ഥാനാർത്ഥി സി.ശിവൻകുട്ടി പറയുന്നത്. കണക്കുകൾ നിരത്തി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രവചനം അസാധ്യമെങ്കിലും കര പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.