മമതയ്ക്കെതിരെ ബിജെപിയുടെ യോർക്കർ! ബിജെപി സ്ഥാനാർത്ഥിയാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെത്തുമെന്ന് അഭ്യൂഹം
ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ ശരിയെങ്കിൽ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബാസിർഹട്ടിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകും.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹം. ബംഗാളിൽ നിന്ന് ഷമി മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ഷമിയോ ബിജെപിയോ വാർത്ത നിഷേധിച്ചിട്ടില്ല. ഷമിയെ മുന്നിൽ നിർത്തി മമതയ്ക്കെതിരെ ബിജെപി യോർക്കർ. ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ ശരിയെങ്കിൽ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബാസിർഹട്ടിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഷമിക്ക് സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം
2009 മുതൽ തൃണമൂലിന്റെ കൈവശമുള്ള ബാസിർഹട്ടിൽ കഴിഞ്ഞ തവണ ബിജെപി തോറ്റത് മൂന്നര ലക്ഷം വോട്ടുകൾക്കാണ്. യുപി സ്വദേശിയായ ഷമി, ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി ഷമിയെ പ്രത്യേകം ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് ചർച്ചയായിരുന്നു. ഇന്ത്യൻ പേസർ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ മോദി ആശംസകൾ നേർന്നതും അപൂർവ്വ നടപടിയായി. ഷമിക്ക് അർജുന പുരസ്കാരം ലഭിച്ചതും ഇത്തവണയാണ്. ഷമിയുടെ പേരിൽ ജന്മനാട്ടിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്ർറെ പ്രഖ്യാപനവും വാർത്തയായിരുന്നു.
ലോകകപ്പിലെ ഉജ്വല പ്രകടനത്തിന് ശേഷം പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഷമി. സ്റ്റാർ പേസറുടെ തിരിച്ചുവരവ് ജൂണിന് മുൻപുണ്ടാകില്ലെന്ന റിപ്പോട്ടുകൾക്കിടെയാണ് പുതിയ അഭ്യൂഹങ്ങൾ.