യുഡിഎഫ് തരംഗത്തിന് സാധ്യതയെന്ന് സര്‍വേഫലം: ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തെക്കന്‍ ജില്ലകളിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവര്‍ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വെയിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നാണ് പ്രവചനം.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സര്‍വ്വേ മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സീറ്റില്‍ എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എന്‍ഡിഎക്ക് കിട്ടുക. തെക്കന്‍ ജില്ലകളിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍ ബിജെപി വിജയിക്കും എന്നാണ് സര്‍വേയുടെ പ്രവചനം.
അന്തിമഫലം (ചിത്രത്തിൽ)
വടക്കൻ കേരളത്തിൽ (1. കാസർകോട് 2. കണ്ണൂർ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കും.
അന്തിമഫലം - വടക്കൻ കേരളം (ചിത്രത്തിൽ)
മധ്യകേരളത്തിൽ (9. ആലത്തൂർ 10. തൃശൂർ 11. ചാലക്കുടി 12 എറണാകുളം 13. ഇടുക്കി) നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. യുഡിഎഫിന് ഇവിടെ 42 ശതമാനം വോട്ടും എല്‍ഡിഎഫിന് 27 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സര്‍വേ പ്രവചിക്കുന്നു.
അന്തിമഫലം - മധ്യ കേരളം (ചിത്രത്തിൽ)
അന്തിമഫലം - തെക്കൻ കേരളം (ചിത്രത്തിൽ)
തെക്കന്‍ കേരളത്തില്‍ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങൽ 20. തിരുവനന്തപുരം) 44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഈ മേഖലയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവര്‍ക്ക് ലഭിക്കും. കേരളത്തില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റും തെക്കൻ കേരളത്തിലാണ്. 20 ശതമാനം വോട്ടുവിഹിതം നേടി ബിജെപി തെക്കൻ കേരളത്തിലെ ഏഴ് സീറ്റുകളിലൊന്നിൽ ജയിച്ചേക്കാം എന്ന് സർവേ പ്രവചിക്കുന്നു.