രാഹുൽ ചാടിയത് കടലിൽ; നെഹ്റു അന്ന് ചാടിക്കയറിയത് കളിവള്ളത്തിലും

മത്സ്യതൊഴിലാളിളോടൊപ്പം വഞ്ചിയിൽ കടലിലേക്ക് യാത്രതിരിച്ച രാഹുൽ അവരോടൊപ്പം വലയിടാൻ കൂടുകയും ബോട്ടിന്റെ എൻജിൻ നിയന്ത്രിക്കുകയും ചെയ്തു. ആഴക്കടലിൽ എത്തിയപ്പോഴായിരുന്നു ആരും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ്. റിങ് വല നേരെയാക്കാൻ തൊഴിലാളികൾ കടലിൽ ചാടിയപ്പോൾ മത്സ്യത്തൊഴിലാളിയുടെ കൈപിടിച്ച് രാഹുലും കൂടെ ചാടി!

viral note on rahul gandhi spending time in sea with fishermen comparing with nehru

എഐസിസി മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കടലിൽ ചാടി. വാടി കടപ്പുറത്തു നിന്ന് വന്ന ഈ വാർത്ത കേരളക്കര ആദ്യം വിശ്വസിച്ചില്ല, സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രചരിക്കുന്ന ട്രോൾ ആവുമെന്ന് കരുതി. എന്നാൽ പിന്നീട് സ്ഥിരീകരണം വന്നു; ഒപ്പം വിഡിയോ ദൃശ്യങ്ങളും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓളപ്പരപ്പിൽ രാഹുലിന്റെ ഈ കടൽ ചാട്ടം കേരളത്തിൽ പുതിയൊരു വിവാദ തിരയിളക്കത്തിനും തുടക്കമിട്ടു.

കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനായി ഫെബ്രുവരി 24ന് ആണ് രാഹുൽ ഗാന്ധി കൊല്ലം വാടി കടപ്പുറത്ത് എത്തിയത്. പ്രതിസന്ധികൾക്കു മുന്നിൽ  വാടിത്തളരാത്ത കടൽ ജീവിതങ്ങൾക്ക് രാഹുൽ സാന്ത്വനസ്പർശമേകും എന്നല്ലാതെ അദ്ദേഹം കടലിൽ പോകും എന്നു പോലും ആരും കരുതിയില്ല. എന്നാൽ മത്സ്യതൊഴിലാളിളോടൊപ്പം വഞ്ചിയിൽ കടലിലേക്ക് യാത്രതിരിച്ച രാഹുൽ അവരോടൊപ്പം വലയിടാൻ കൂടുകയും ബോട്ടിന്റെ എൻജിൻ നിയന്ത്രിക്കുകയും ചെയ്തു. ആഴക്കടലിൽ എത്തിയപ്പോഴായിരുന്നു ആരും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ്. റിങ് വല നേരെയാക്കാൻ തൊഴിലാളികൾ കടലിൽ ചാടിയപ്പോൾ മത്സ്യത്തൊഴിലാളിയുടെ കൈപിടിച്ച് രാഹുലും കൂടെ ചാടി!. കടലിലും കരയിലും ഉദ്വേഗം സൂനാമി പോലെ ഉയർന്നുപൊങ്ങി. സുരക്ഷാ ഭടന്മാരും, രാഹുൽ കടലിലേക്കു പോയെന്നറിഞ്ഞ് ബോട്ടിൽ എത്തിയ പൊലീസും എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. ഈ സമയം ബോട്ടിൽ ഉണ്ടായിരുന്ന രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വാക്കുകളാണ് ആശങ്ക അകറ്റിയത്. – "പേടിക്കേണ്ട, ആൾ സ്കൂബ ഡൈവിങ്ങ് വിദഗ്ധനാണ്". അല്പസമയം നീന്തിയ ശേഷം രാഹുൽ സുരക്ഷിതനായി ബോട്ടിൽ കയറുകയും ചെയ്തു.

ചരിത്രത്തിൽ ഇതിനു സമാനമായ ഒരു ട്വിസ്റ്റ് പണ്ടും ഉണ്ടായിട്ടുണ്ട്. ആ കഥയിലെ നായകനാകട്ടെ രാഹുലിന്റെ മുതുമുത്തച്ഛനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും. 1952 ൽ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്ന കാലം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി കുടുംബസമേതം നെഹ്രു കുട്ടനാട്ടിൽ എത്തി. മകൾ ഇന്ദിര, കൊച്ചുമക്കളായ രാജീവ്, സഞ്ജയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കുട്ടനാടിന്റെ ഓളപ്പരപ്പുകൾക്ക് മീതെ വള്ളംകളി ഒരുക്കിയാണ് നെഹ്റുവിന്റെ വരവ് അന്നത്തെ തിരു–കൊച്ചി സർക്കാർ ആഘോഷമാക്കിയത്.

കോട്ടയത്ത് എത്തിയ പ്രധാനമന്ത്രിയും കുടുംബവും ബോട്ടിലാണ് ആലപ്പുഴയ്ക്ക് യാത്രതിരിച്ചത്. ബോട്ട് കടന്നു പോകുമ്പോൾ ഇരുകരകളിലും തടിച്ചുകൂടിയ ജനം ഹർഷാരവം മുഴക്കി. ആലപ്പുഴ വട്ടക്കായലിൽ ആയിരുന്നു വള്ളംകളി. ആവേശം വാനോളമൂയർന്ന മത്സരത്തിനൊടുവിൽ നടുഭാഗം ചുണ്ടനാണ് ഒന്നാമതെത്തിയത്. അടുത്ത നിമിഷമാണ് അത് സംഭവിച്ചത്. പ്രധാനമന്ത്രിയാണ് എന്നകാര്യം മറന്നു നെഹ്റു നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി!. ക്യാമറകൾ ഇടതടവില്ലാതെ തുറന്നടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ പകച്ചുനിന്നു. കരയും കായലും ഹർഷപുളകിതമായി. ഓളപ്പരപ്പിലെ ആവേശമേറ്റുവാങ്ങി ഇന്ത്യൻ പ്രധാനമന്ത്രി തുഴക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിൽ!  അദ്ദേഹത്തെയും വഹിച്ച് വട്ടക്കായലിൽ നിന്ന് ആലപ്പുഴ ബോട്ട് ജെട്ടി വരെ നടുഭാഗം തുഴഞ്ഞു നീങ്ങി.

ഡൽഹിക്ക് മടങ്ങിയ നെഹ്റു, തടി കൊണ്ടുള്ള പീഠത്തില്‍ ഉറപ്പിച്ച വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലുള്ള ട്രോഫി പിന്നീട് സമ്മാനമായി (കൊല്ലം കലക്ടർക്ക്) അയച്ചുകൊടുത്തു (അന്ന് ആലപ്പുഴ ജില്ല ഉണ്ടായിട്ടില്ല). നെഹ്റുവിന്റെ കയ്യൊപ്പോടു കൂടിയ ആ ട്രോഫിയിൽ  ഇപ്രകാരം എഴുതിയിരുന്നു. "തിരുകൊച്ചിയിലെ ജനജീവിതത്തിന്റെ അടയാളമായ വള്ളംകളി മത്സരത്തിലെ വിജയികള്‍ക്ക്." ഇതേത്തുടർന്ന് 1954 ൽ  സർക്കാർ ‘പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളി’യ്ക്ക് തുടക്കം കുറിച്ചു. നെഹ്റുവിന്റെ കാലശേഷം ഇത് നെഹ്റു ട്രോഫി വള്ളംകളിയായി മാറി.

ആലപ്പുഴ പുന്നമടക്കായലിൽ വർഷംതോറും നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിന് തുടക്കമിട്ടത് ഇപ്പോൾ രാഹുൽ നടത്തിയതുപോലെ അന്ന് മുതുമുത്തശ്ശൻ നെഹ്റു നടത്തിയ ഒരു "എടുത്തുചാട്ടം" ആയിരുന്നു. സമയവും സന്ദർഭവും സാഹചര്യങ്ങളും മാറി. രാഹുൽ ചാടിയത് കടലിൽ ആണെങ്കിൽ നെഹ്റു ചാടിക്കയറിയത് കായലിൽ തുഴയെറിഞ്ഞ കളിവള്ളത്തിൽ ആണെന്ന് മാത്രം.

Latest Videos
Follow Us:
Download App:
  • android
  • ios