തുഷാര്‍ വര്‍ക്കലയിലേക്ക്? അന്തിമ തീരുമാനം നാളത്തെ ബിഡിജെഎസ് യോഗത്തില്‍
കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളും പരിഗണനയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും.
lതിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വർക്കലയിൽ സ്ഥാനാർത്ഥിയായേക്കും. അന്തിമ തീരുമാനം നാളെ ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിലിന് ശേഷം പ്രഖ്യാപിക്കും. വർക്കലയ്ക്ക് പുറമെ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളും പരിഗണനയിലുണ്ട്.
എൻഡിഎ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി മത്സരം രംഗത്തുണ്ടാകണമെന്ന് അമിത് ഷായാണ് ആവശ്യപ്പെട്ടത്. ബിജെപിയുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തുഷാർ വഴങ്ങുമെന്നാണ് സൂചന. ബിഡിജെഎസിലെ മുതിർന്ന നേതാക്കൾക്കും, പാർട്ടി അധ്യക്ഷൻ മത്സരിക്കണമെന്ന നിലപാടാണ്. വർക്കല സീറ്റിനാണ് പ്രഥമ പരിഗണന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ ഇലക്ഷനിലും വർക്കല മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതാണ് പ്രതീക്ഷയ്ക്ക് കാരണം.
ശിവഗിരി മഠാധിപതി വിശുദ്ധാനന്ദയുമായി തുഷാർ അടക്കം ബിഡിജെഎസ് നേതാക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വർക്കലയ്ക്ക് പുറമെ കൊടുങ്ങല്ലൂരും കുട്ടനാടും പരിഗണനയിലുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ നാളെ ചേർത്തലയിൽ ചേരും. 30 സീറ്റുകളിലാണ് ഇത്തവണ ബിഡിജെഎസ് മത്സരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലാണ് കൂടുതൽ സീറ്റുകൾ. തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് കാര്യമായ സംഭാവന നൽകാൻ, ബിഡിജെഎസിന് ആയിട്ടില്ലെന്ന പരാതി സംസ്ഥാന ബിജെപി നേതാക്കൾക്കുണ്ട്. തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ മത്സരിച്ച് ബിഡിജെഎസ് ശക്തി തെളിയേക്കെണ്ടത് എൻഡിഎയുടെ കെട്ടുറപ്പിന് പോലും അനിവാര്യമാണ്.