രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ; പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം.
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്.
സിപിഎമ്മിൽ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എൽഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികൾക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്.
ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ ഇടത് മുന്നണി ഇത് വരെ പ്രതികരിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona