'പണം വാങ്ങി യുഡിഎഫിനെ തോൽപ്പിച്ച നിയാസിനെ ബേപ്പൂരിന് വേണ്ട', കെപിസിസിക്ക് പ്രവർത്തകരുടെ കത്ത്

പണം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ  തോൽപ്പിച്ചു, റിബൽ സ്ഥാനാർത്ഥികളെ നിർത്തി എന്നതടക്കമുളള ആരോപണങ്ങളാണ് നിയാസിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഉയർത്തുന്നത്.

posters against pm niyas

കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാരുതെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെപിസിസിക്ക് കത്തയച്ചു. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസഡന്‍റും ഏഴ് മണ്ഡലം പ്രസിഡന്‍റുമാരുമാണ് പ്രതിഷേധവുമായി രംഗത്തുളളത്. നിയാസ് സ്ഥാനാര്‍ത്ഥിയായാല്‍ സംഘടനാ ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കത്തില്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബേപ്പൂരിലെ കോണ്‍ഗ്രസില്‍ രൂപംകൊണ്ട തര്‍ക്കമാണ് ഇപ്പോഴും രൂക്ഷമായി തുടരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുമാണ് പരസ്പരം പോരടിക്കുന്നത്. 

പണം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ  തോൽപ്പിച്ചു, റിബൽ സ്ഥാനാർത്ഥികളെ നിർത്തി എന്നതടക്കമുളള ആരോപണങ്ങളാണ് നിയാസിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഉയർത്തുന്നത്. ഈ പശ്ചാത്തലത്തില്‍ നിയാസിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡണ്ട് ഏഴ് മണ്ഡലം പ്രസിഡണ്ടുമാർ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നിവർ കെപിസിസി പ്രസിഡന്‍റ് അടക്കമുളള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തയച്ചത്.

നിയാസിനെതിരെ മണ്ഡലത്തിലെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചതില്‍ പങ്കില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം,  ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് പി.എം നിയാസ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios