'ഏത് മേഖലയിലും ഇടത് സര്‍ക്കാര്‍ മുന്നിൽ', ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി

യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏത് മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ മുന്നിലാണെന്നും  ഉമ്മൻചാണ്ടിയുടെ വാദഗതികൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പിണറായി വിജയൻ

pinarayi vijayan reply to oommen chandy election campaign

തിരുവനന്തപുരം: അഞ്ച് വ‍ഷത്തെ ഭരണ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏത് മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ മുന്നിലാണെന്നും  ഉമ്മൻചാണ്ടിയുടെ വാദഗതികൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രളയത്തിലും കൊവിഡിലും എൽഡിഎഫ് സ‍ര്‍ക്കാര്‍ സൗജന്യ റേഷനും കിറ്റും നൽകി, 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ എൽഡിഎഫ് സ‍ക്കാര്‍ 1600 രൂപയാക്കി, തുടങ്ങി 17 ഓളം നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത്  കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ്. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്ക്കുകയാണ്.
1.  ക്ഷേമ പെന്‍ഷനുകള്‍
യു.ഡി.എഫ് അധികാരംവിട്ട് ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കിയുണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇത് 1600 രൂപയാക്കി. കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരു കുടിശ്ശികപോലും അവശേഷിക്കാതെ 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. ഇനി 1500 രൂപ പെന്‍ഷന്‍ എന്ന വാദം പരിശോധിക്കാം. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 1500 രൂപ പെന്‍ഷന്‍ നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതും കുടിശ്ശികയാക്കിയിട്ടാണ് പോയത്. ഇക്കാര്യമെല്ലാം മറച്ചുവച്ചുകൊണ്ട് 800 മുതല്‍ 1500 രൂപ വരെ പെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ നല്‍കി എന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്? എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ ലഭിക്കുന്ന 60 ലക്ഷം പേരില്‍ 49 ലക്ഷം പേര്‍ ക്ഷേമ പെന്‍ഷനും ബാക്കി 11 ലക്ഷം പേര്‍ ക്ഷേമനിധി പെന്‍ഷനുമാണ് വാങ്ങുന്നത്. പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ക്ഷേമ പെന്‍ഷനുവേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 9,311 കോടി രൂപ നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുവേണ്ടി 33,500 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
2.   സൗജന്യ അരി
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് എ.പി.എല്‍ ഒഴികെ മറ്റെല്ലാവര്‍ക്കും അരി സൗജന്യമാക്കി എന്ന വാദം വിചിത്രമാണ്. എ.എ.വൈ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി യു.ഡി.എഫ് സര്‍ക്കാര്‍ വിതരണം ചെയ്ത കാര്യമായാണ് പറയുന്നത്. ബി.പി.എല്ലില്‍ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലയളവില്‍ പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളില്‍ സൗജന്യ റേഷനും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യകിറ്റും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി. റേഷന്‍ സംവിധാനം പരിഷ്കരിച്ച് സുതാര്യമായ വിതരണം എല്‍.ഡി.എഫ് സര്‍ക്കാരാണ് നടപ്പാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2011 ല്‍ ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് യു.ഡി.എഫ് സര്‍ക്കാര്‍ തുടരുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ എ.പി.എല്‍ വിഭാഗത്തിന് ഒരുകാലത്തും സൗജന്യമായി അരി നല്‍കിയിരുന്നില്ല. 2011 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അരി കിലോഗ്രാമിന് 2 രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
3. മെഡിക്കല്‍ കോളേജ്
യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ബോർഡ് മാറ്റി നടത്തിയ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് കാലത്തേത് .എല്ലാത്തിനുമൊപ്പം അഴിമതി ആരോപണങ്ങളും. ബോർഡ് മാറ്റുന്നതല്ല, സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ സർക്കാർ ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍, സര്‍ക്കാര്‍ മേഖലയില്‍ വയനാട് ജില്ലയിലും മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.
4. ആശ്വാസകിരണം പദ്ധതി
വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 2010 ലാണ് 'ആശ്വാസകിരണം' പദ്ധതി ആരംഭിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 63,544 ആയിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്താണ് നിരക്ക് 600 രൂപയായി വര്‍ദ്ധിപ്പിച്ചത്. നിലവില്‍ 1.14 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 338 കോടി രൂപ ഈ സര്‍ക്കാര്‍ ചെലവഴിച്ചു.
'സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ നിലവില്‍ 50,642 ഗുണഭോക്താക്കളുണ്ട്. ഈ സര്‍ക്കാര്‍ 101 കോടി രൂപ ഈ വിഭാഗത്തിന് ചെലവഴിച്ചിട്ടുണ്ട്.
'വികെയര്‍' പദ്ധതിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വെറും 17 ഗുണഭോക്താക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് ചെലവഴിച്ചത് വെറും 2.6 ലക്ഷം രൂപയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 1250 ആയി ഉയരുകയും 17 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു.
'സമാശ്വാസം' പദ്ധതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെലവഴിച്ചത് വെറും 13 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ എണ്ണം 831 ആക്കുകയും ചെലവഴിച്ച തുക 40.5 കോടി രൂപയായി ഉയരുകയും ചെയ്തു.
5. രാഷ്ട്രീയ കൊലപാതകങ്ങള്‍
മനുഷ്യജീവന്‍ അപഹരിക്കുന്ന സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒരെണ്ണം പോലും ഉണ്ടാകരുതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാട്. ഫലപ്രദമായ ഇടപെടലുകളിലൂടെ ഇത് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ നടപടികളും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു.  
6. പി.എസ്.സി നിയമനം
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പി.എസ്.സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 ആണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,63,131 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി (യു.ഡി.എഫ് കാലത്ത് നിയമനം നല്‍കാത്ത 4,031 കെ.എസ്.ആര്‍.ടി കണ്ടക്ടര്‍മാര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്). പി.എസ്.സി പരീക്ഷയില്‍ ക്രമക്കേടുകള്‍  കണ്ടെത്തിയപ്പോള്‍ അതില്‍ ശക്തമായ നിയമനടപടി സ്വീകരിച്ചു.
7. റബ്ബര്‍ സബ്സിഡി
യു.ഡി.എഫ് കാലത്ത് വെറും 381 കോടി രൂപയാണ് റബ്ബര്‍ സബ്സിഡിയായി വിതരണം ചെയ്തത്.  എല്‍.ഡി.എഫ് കാലയളവില്‍ 1382 കോടി രൂപ റബ്ബര്‍ സബ്സിഡിയായി വിതരണം ചെയ്തിട്ടുണ്ട്. യു ഡി  എഫ് കാലത്തെ കുടിശികയും ഈ  സർക്കാരാണ് വിതരണം ചെയ്തത്.
8. വന്‍കിട പദ്ധതികള്‍, ബൈപാസുകള്‍, പാലങ്ങള്‍
യു.ഡി.എഫ് കാലത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്തൂപമായിരുന്ന പാലാരിവട്ടം പാലം എല്‍.ഡി.എഫ് കാലത്ത് ശാക്തീകരിച്ച് പുതുക്കിപ്പണിതത് ഓർമ്മിപ്പിക്കട്ടെ. കണ്ണൂർ വിമാനത്താവളവമൊക്കെ നിങ്ങളുടെ കാലത്ത് എങ്ങനെ ആയിരുന്നു എന്നതിൻ്റെ ചിത്രം ജനങ്ങളുടെ മനസിൽ ഉണ്ട്.
കണ്ണൂർ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ പൂര്‍ത്തിയാക്കല്‍ ദീര്‍ഘിപ്പിക്കൽ, കൊച്ചി വാട്ടര്‍ മെട്രോ, ദേശീയ ജലപാത. ദേശീയപാത വികസനം, റെയില്‍വേ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ-റെയില്‍, കെ-ഫോൺ. ഗെയ്‌ല്‍ പൈപ്പ്ലൈന്‍ , എല്‍എന്‍ജി ടെര്‍മിനല്‍, പെട്രോ കെമിക്കല്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സസ് പാര്‍ക്ക്, ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ തുടങ്ങി ഇഛാശക്തിയോടെ സർക്കാർ നടപ്പാക്കിയ ഒട്ടനവധി പദ്ധതികൾ എടുത്തു പറയാൻ  ഉണ്ട്.
ദീര്‍ഘകാലം മുടങ്ങിക്കിടന്ന ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ പൂര്‍ത്തീകരിച്ചു.  കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലം പൂര്‍ത്തീകരിച്ചു. പ്രളയാഘാതശേഷിയുള്ള റോഡുകളും പാലങ്ങളും ആര്‍.കെ.ഐ കിഫ്ബി മുഖാന്തിരം നിര്‍മ്മിച്ചുവരുന്നു.
9. മദ്യം, മയക്കുമരുന്ന്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചരണവും ബോധവല്‍ക്കരണവും നിയമനടപടിയും സ്വീകരിച്ചുവരുന്നു. ബാര്‍ ലൈസന്‍സിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് കാലത്തുണ്ടായിരുന്ന കുംഭകോണങ്ങളൊന്നും ഈ സര്‍ക്കാരിന്‍റെ കാലത്തില്ല.
10. ഭവനനിര്‍മ്മാണം
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 4,43,449 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി എന്നതാണ് അവകാശവാദം. കേരള നിയമസഭയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 3204 ന് (24.02.2016) നല്‍കിയ മറുപടിയില്‍ 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് പറഞ്ഞത്. 4,43,449 പേര്‍ക്ക് വീടുകള്‍ വച്ചു നല്‍കി എന്ന വാദം വസ്തുതയാണെങ്കില്‍ കേരളത്തില്‍ ഭവനരഹിതരായി 27,157 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ. ലൈഫ് പദ്ധതിക്ക് ലഭിച്ച അപേക്ഷകളും വസ്തുതകളും പരിശോധിച്ചാല്‍ ഇതിലും എത്രയോ വലുതാണ് ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണം. മേല്‍പറഞ്ഞ നിയമസഭാ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വച്ചുനല്‍കിയ വീടുകളുടെ എണ്ണം 3,141 എന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനകം 2.75 ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
11. ജനസമ്പര്‍ക്ക പരിപാടി
ധനസഹായം ജനങ്ങളുടെ അവകാശമാണ്. അത് അവരെ വെയിലത്ത് നിര്‍ത്തി വിതരണം ചെയ്യേണ്ട ഔദാര്യമല്ല എന്നതാണ് സര്‍ക്കാര്‍ നയം. മേളകളും ഒച്ചപ്പാടുമില്ലാതെ ഫലപ്രദമായ സംവിധാനത്തിലൂടെ 3,43,050 പെറ്റീഷനുകള്‍ ലഭിച്ചതില്‍ 2,86,098 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട് (85.40%).  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 7,70,335 അപേക്ഷകളില്‍ 1800 കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്തു. എല്ലാം ഓൺലൈനാക്കി മാറ്റിയതും ഈ സർക്കാരാണ്.
12. പട്ടയ വിതരണം
ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കി ഭൂമി ലഭ്യമാക്കുന്ന കണക്കുകളാണ് യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത്. കടലാസ് പട്ടയങ്ങള്‍ കണക്കാക്കാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്താകെ 89,884 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ലാന്‍റ് ട്രൈബ്യൂണലുകളില്‍ നിലവിലുണ്ടായിരുന്ന 1,53,062 കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. 78,071 പട്ടയങ്ങളും ക്രയ സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 99,811 കേസുകളാണ് തീര്‍പ്പാക്കിയത്.
13. ശബരിമല
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിശ്വാസി സമൂഹത്തിന്‍റെ വികാരങ്ങള്‍ മാനിച്ചുകൊണ്ടും എല്ലാവരുമായും ചര്‍ച്ച ചെയ്തും സുപ്രീംകോടതി വിധി നടപ്പാക്കും എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാട്. സുപ്രീംകോടതിയില്‍ കേസ് പരിഗണനയിലിരിക്കെ അനവസരത്തില്‍ അഭിപ്രായം പറയുന്നത് തെരഞ്ഞെടുപ്പുകാലത്ത് വിശ്വാസികളുടെ മനസ്സ് ഇളക്കി വോട്ട് തട്ടാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ. ശബരിമല തീര്‍ത്ഥാടനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 341.21 കോടി രൂപ അനുവദിച്ച സ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ 1487.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ അനുവദിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 135.9 കോടി രൂപ അനുവദിച്ചു. ശബരിമല ഇടത്താവളം നിര്‍മ്മിക്കാന്‍ കിഫ്ബി മുഖാന്തിരം 118.35 കോടി രൂപ അനുവദിച്ചു. വരുമാന കുറവ് നികത്താന്‍ 120 കോടി രൂപ അനുവദിച്ചു. ശബരി മലയില്‍ നിര്‍മ്മിച്ച അന്നദാനമണ്ഡപം വളരെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയുള്ളതാണ്.
14. പൊതുമേഖലാ സ്ഥാപനങ്ങള്‍
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷമായ 2015-16 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനം 2799 കോടി രൂപയായിരുന്നത് 2019-20 ല്‍ 3,148 കോടി രൂപയായി വര്‍ദ്ധിച്ചു. 2015-16 ല്‍ ആകെ നഷ്ടം 213 കോടി രൂപയായിരുന്നെങ്കില്‍ 2019-20 ല്‍ 102 കോടി രൂപയുടെ ആകെ ലാഭമാണ്.
പൊതുവിദ്യാലയങ്ങള്‍, പൊതുമേഖലയിലെ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമെ, മികവിന്‍റെ കേന്ദ്രമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.
15. പ്രവാസി ക്ഷേമം
പ്രവാസി വെല്‍ഫെയര്‍ ഫണ്ടിലെ അംഗത്വം ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ 1.1 ലക്ഷത്തില്‍ നിന്നും 5.6 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 68 കോടി രൂപ ചെലവാക്കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 180 കോടി രൂപ ചെലവാക്കി.
16. പൊതു കടം
പൊതു കടം ആഭ്യന്തര വരുമാനത്തിന്‍റെ അനുപാതമായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. യു.ഡി.എഫ് 2005-06 ല്‍ അധികാരം വിട്ട് ഒഴിഞ്ഞപ്പോള്‍ കടം ആഭ്യന്തരവരുമാനത്തിന്‍റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 2011-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്‍റെ അടിസ്ഥാന വര്‍ഷം കണക്കാക്കിയതില്‍ വ്യത്യാസം വന്നപ്പോള്‍ കടത്തിന്‍റെ അനുപാതം കുറഞ്ഞു. യു.ഡി.എഫ് 2015-16 ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തര വരുമാനത്തിന്‍റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 2016-17 ല്‍ കടം ആഭ്യന്തര വരുമാനത്തിന്‍റെ 30.2 ശതമാനമായി മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ.
17. സാമ്പത്തിക വളര്‍ച്ച
സ്രോതസ് വെളിപ്പെടുത്താതെയാണ് മുന്‍ മുഖ്യമന്ത്രി യു.ഡി.എഫ് കാലത്തെ സാമ്പത്തിക വളര്‍ച്ച 6.42 ശതമാനമെന്നും എല്‍.ഡി.എഫ് കാലത്തെ സാമ്പത്തിക വളര്‍ച്ച 5.28 ശതമാനവുമാണെന്ന് പറയുന്നത്. യു.ഡി.എഫ് കാലത്ത് ശരാശി സാമ്പത്തിക വളര്‍ച്ച 4.85 ശതമാനമാണ്. എല്‍.ഡി.എഫ് കാലത്ത് 4 വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ച 5.44 ശതമാനമാണ്. (സാമ്പത്തിക സര്‍വ്വേ, 2020, വാല്യം 2, പേജ് 11)
ഇതിനു പുറമെ ചില കണക്കുകള്‍ കൂടി പറയാനുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 7780 കി.മീ റോഡുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 11,580 കി.മീ റോഡുകള്‍ 2021 ജനുവരി വരെ പൂര്‍ത്തീകരിച്ചു. 4530 കി.മീ കൂടി പൂര്‍ത്തിയാക്കും.
ശുദ്ധജല വിതരണ കണക്ഷന്‍റെ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ 4.9 ലക്ഷം കണക്ഷനുകള്‍ നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 11.02 ലക്ഷം കണക്ഷനുകള്‍ നല്‍കി.
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരു തുറമുഖമാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് 5 തുറമുഖങ്ങള്‍ പൂര്‍ത്തീകരിച്ചു.
ചെറുകിട, സൂക്ഷ്മ, മീഡിയം വ്യവസായ സ്ഥാപനങ്ങള്‍ 2015-16 ല്‍ 82,000 ആയിരുന്നു. ഇത് 2020-21 ല്‍ 1.4 ലക്ഷമായി വര്‍ദ്ധിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ 4.99 ലക്ഷം കുട്ടികളുടെ കുറവാണ് യു.ഡി.എഫ് കാലത്ത് ഉണ്ടായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ 6.79 ലക്ഷം കുട്ടികള്‍ അധികമായി ചേര്‍ന്നു.
ഇതെല്ലാം കേരള ജനത അനുഭവിച്ചറിഞ്ഞതാണ്. നുണകൾ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല എന്ന് ഓർമ്മിപ്പിക്കട്ടെ.

Latest Videos
Follow Us:
Download App:
  • android
  • ios