പാലക്കാടൻ കാറ്റ് എങ്ങോട്ട്? ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അവസാന മണിക്കൂറിലും ചര്‍ച്ചയായി വാക് പോര്
യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ യുവസാന്നിധ്യം ഷാഫി പറമ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും ഇടതു മുന്നണിയുടെ സിപി പ്രമോദും തമ്മിലാണ് മത്സരം
പാലക്കാട്: വേനൽ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടുകൊണ്ടും ചുട്ടുപൊള്ളുകയാണ് പാലക്കാടൻ മണ്ണ്. വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലം മൂന്ന് മുന്നണികൾക്കും അഭിമാനപ്രശ്നമാണ്. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ യുവസാന്നിധ്യം ഷാഫി പറമ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും ഇടതു മുന്നണിയുടെ സിപി പ്രമോദും തമ്മിലാണ് മത്സരം. പരമാവധി വോട്ടമാരെ നേരിട്ട് കണ്ട് വോട്ടഭ്യത്ഥിക്കുന്ന രീതിയാണ് അവസാന മണിക്കൂറുകളിലും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികൾ പിന്തുടരുന്നത്.
മെട്രോമാൻ ഇ ശ്രീധരന്റെ കൂടി വരവോടെയാണ് പാലക്കാട്ടെ പോരാട്ടം ദേശീയ ശ്രദ്ധ നേടിയത്. കേരളത്തിലെത്തിയ നരേന്ദ്രമോദിയടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം ഇ ശ്രീധരനെ പ്രത്യേകം പരാമശിച്ചതും ശ്രീധരൻ ബിജെപിയുടെ മുഖം മാറ്റിയെന്ന മോദിയുടെ പരാമശവും ശ്രദ്ധ നേടി. എന്നാൽ ഏതേ സമയം തന്നെ രാഷ്ട്രീയ പരിചയമില്ലാത്ത ശ്രീധരന്റെ ചില നിലപാടുകളും പ്രസ്താവനകളും ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ട്.
പ്രചാരണത്തിന്റെ അവസാന ദിനത്തിലും മണ്ഡലത്തിൽ പ്രസ്താവനകൾക്കും വിവാദങ്ങൾക്കും കുറവില്ല. ഏറെയും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. ബിജെപിക്കാരനായല്ല പകരം മെട്രോമാൻ എന്ന നിലയിലാണ് തന്നെ ആളുകൾ സ്വീകരിച്ചതെന്നും മെട്രോമാൻ എന്ന വ്യക്തിക്കാണ് വോട്ടെന്നുമാണ് എൻഡിഎ സ്ഥാനാത്ഥി ഇ ശ്രീധരന്റെ ഇന്നത്തെ പ്രതികരണം. ബിജെപിയിലേക്ക് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയെന്നും വോട്ടു വിഹിതം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. അനുഭവമാണ് ശക്തി. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. ക്യാപ്റ്റനാക്കുമോ എന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
എന്നാൽ ശ്രീധരന്റ രാഷ്ട്രീയ വിലയിരുത്തലുകൾ റിയലിസ്റ്റിക്കല്ലെന്ന നിലപാടിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. ശ്രീധരൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയെന്ന പ്രചാരണം തള്ളിയ ഷാഫി ബിജെപിക്ക് കേരളത്തിൽ ഒരു മുഖമേ ഉള്ളൂവെന്നും ആരെങ്കിലും വന്നാൽ മാറുന്നതല്ല അതെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരു അജണ്ടയല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു. എന്റെ പാഷൻ പൊതു പ്രവർത്തനമാണ്. മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ല. ഒരുറപ്പുമില്ലാത്ത കാലത്തും പൊതു പ്രവർത്തകനായതാണെന്നും വിജയപ്രതീക്ഷയിൽ തന്നെയാണെന്നും ഷാഫി പറഞ്ഞു.
ബിജെപി പ്രമുഖനെ ഇറക്കി മത്സരം ത്രികോണമാക്കിയെങ്കിലും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ആവര്‍ത്തിക്കുകയാണ്
ഇടതു മുന്നണി സ്ഥാനാർഥി സി.പി പ്രമോദ്. എൽഡിഎഫ് മികച്ച വിജയം നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം രാഷ്ടീയക്കാരനായ ജനപ്രതിനിധിയെയാണ് ജനങ്ങൾക്കാവശ്യമെന്നും പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പ്രതിശ്ചായ മാറിയത് ഇ.ശ്രീധരന്റേതാണ്. ബിജെപിയുടെ മുഖച്ഛായ മാറിയെന്ന് ബിജെപിക്കാരുപോലും പറയില്ലെന്നും പ്രമോദ് പരിഹസിച്ചു.