നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയും ഹൈക്കോടതിയിലേക്ക്
നാളെ ഹൈക്കോടതിയിൽ കേസ് നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പുർത്തിയാക്കിക്കഴിഞ്ഞു. സാങ്കേതികത്വം കാണിച്ച് പത്രിക നിരസിച്ചതിന് പിന്നിൽ സി പി എമ്മും കോൺഗ്രസുമാണെന്നും ധനലക്ഷ്മി ആരോപിച്ചു.
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ എം ധനലക്ഷ്മി ഹൈക്കോടതിയെ സമീപിക്കും. സ്വന്തം നിലയ്ക്ക് കേസ് നൽകുമെന്ന് ധനലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാളെ ഹൈക്കോടതിയിൽ കേസ് നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പുർത്തിയാക്കിക്കഴിഞ്ഞു. സാങ്കേതികത്വം കാണിച്ച് പത്രിക നിരസിച്ചതിന് പിന്നിൽ സി പി എമ്മും കോൺഗ്രസുമാണെന്നും ധനലക്ഷ്മി ആരോപിച്ചു. എഐഎഡിഎംകെ അംഗമാണ് ധനലക്ഷ്മി. പത്രിക പൂരിപ്പിച്ചതിൽ അപൂർണതയെന്നത് സാങ്കേതികത്വം മാത്രമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എഐഎഡിഎംകെ ഇടുക്കി ജില്ല സെക്രട്ടറി രവി രാജനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളാണ് തള്ളിപ്പോയത്. ദേവികുളത്തിനു പുറമേ ഗുരുവായൂർ, തലശ്ശേരി എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ഇവർ രണ്ടുപേരും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഡീൽ സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. തലശ്ശേരിയിൽ ജയിക്കുന്നത് സിപിഎം ആണ്. പത്രിക തള്ളിയാൽ ആർക്കാണ് പ്രയാജനം എന്നത് വ്യക്തമല്ലേ. 1977ൽ തനിക്കെതിരെ ബിജെപിക്കൊപ്പം നിന്ന് ഇഎംഎസ് പ്രചാരണം നടത്തി. അന്ന് മുതലേ അവർ തമ്മിൽ പരസ്യ ധാരണയെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.