കോങ്ങാട് വേണ്ടെന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം; സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ യോഗം
പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം കടുപ്പിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നത്
പാലക്കാട്: പട്ടാമ്പി സീറ്റിന് പകരം പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് കൊടുത്ത വിഷയത്തിൽ മുസ്ലിം ലീഗിലും കോൺഗ്രസിലും പ്രതിഷേധം. കോങ്ങാട് സീറ്റ് വേണ്ടെന്ന നിലപാടുമായി മുസ്ലിം ലീഗിൽ ഒരു വിഭാഗം രംഗത്തെത്തി. അതേസമയം സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് രഹസ്യയോഗം ചേരുകയാണ്.
പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം കടുപ്പിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നത്. കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് വേണ്ടെന്ന് ആവശ്യപ്പെട്ട് പലയിടത്തും പ്രവർത്തകർ യോഗം ചേരുന്നുണ്ട്. പട്ടാമ്പി നഷ്ടമായതിൽ പ്രതിഷേധം അറിയിക്കാൻ യൂത്ത് ലീഗ് ഭാരവാഹികൾ പാണക്കാട്ടേക്ക് പോയി.
കോങ്ങാട് സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ് പ്രദേശത്തെ കോൺഗ്രസ് നേതൃത്വം. കോങ്ങാട് മണ്ഡലത്തിലെ രണ്ടു ബ്ലോക് കമ്മിറ്റികളുടെ യോഗം ചേരുകയാണ്. സീറ്റ് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ രാജിക്കൊരുങ്ങുന്നുവെന്നാണ് വിവരം. പറളി, കോങ്ങാട് ബ്ലോക് പ്രസിഡന്റുമാർ ഉൾപ്പെടെ 50 ഓളം പ്രവർത്തകരാണ് രാജിക്കൊരുങ്ങുന്നത്.