കടലോളം ആവേശം കൊട്ടിക്കയറി; പരസ്യപ്രചാരണത്തിന് ഫൈനൽ വിസിൽ, നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിൽ കേരളം
കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം കടലോളം ആവേശമാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കണ്ടത്
തിരുവനന്തപുരം: ആവേശം കൊട്ടിക്കയറിയ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കേരളത്തിൽ അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം കടലോളം ആവേശമാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കണ്ടത്. മറ്റന്നാളാണ് കേരള ജനത പോളിംഗ് ബൂത്തിലെത്തുക.
മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിന്‍റെ സ്റ്റാർ ക്യാമ്പെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളിൽ ആവേശമായത്. ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്. ഉമ്മൻ ചാണ്ടിയും കെ.സുരേന്ദ്രനും പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഒഴിവാക്കിയിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖ നേതാക്കളുമെല്ലാം മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചായിരുന്നു കലാശപ്രചാരണം.
വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ. ഈസ്റ്റർ ദിവസമായതിനാൽ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും. തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും. പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പോലീസ് സംരക്ഷണം നൽകും.
കോഴിക്കോട് റോഡ് ഷോ നടത്തിയ രാഹുൽ ഗാന്ധി അവിടെ നിന്നാണ് നേമത്ത് എത്തിയത്. രാഹുൽ എത്തിയതോടെ തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ അത്യധികം ആവേശത്തിലായിരുന്നു. ഹെലിപാഡിൽ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുൽ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ഗാന്ധി നേമത്ത് പറഞ്ഞു. പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. ബിജെപിയും ആർ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവർക്ക് ധാർഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാൽ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാൽ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് മണിമുതൽ ഏഴ് മണിവരെ ധർമടത്തെ ചെങ്കടലാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ. ധർമടം മണ്ഡലത്തിൽ പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിരയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രചാരണ റോഡ് ഷോയിൽ അണിനിരന്നത്. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം ആവശത്തോടെ കൊട്ടിക്കലാശിച്ചപ്പോൾ ആത്മവിശ്വാസമാണ് എൻഡിഎ സ്ഥാനാർത്ഥികൾ പ്രകടിപ്പിക്കുന്നത്. റോഡ് ഷോ നടത്തിയും ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ റോഡ് ഷോയിൽ പങ്കെടുത്ത് ബിജെപി സ്ഥാനാർത്ഥി വി വി രാജേഷ് പറഞ്ഞത് താൻ ഉറച്ച ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമരരൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ റോഡ് ഷോ. ത്രികോണപ്പോര് നടക്കുന്ന നേമത്ത് കുമ്മനം രാജശേഖരനാണ് പദയാത്ര നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും കുമ്മനത്തോടൊപ്പം ചേർന്നു. നേമത്ത് താമരയ്ക്ക് യാതൊരു പ്രശ്നവുമില്ല. തനിക്ക് അങ്ങേയറ്റം ശുഭപ്രതീക്ഷയാണുള്ളതെന്നും യാതൊരു ഭയാശങ്കകളുമില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ ത്യപ്പൂണിത്തുറയിൽ റോഡ് ഷോ നടത്തിയാണ് സ്ഥാനാർഥി ഡോ. കെ. എസ് രാധാകൃഷ്ണൻ കൊട്ടിക്കലാശം നടത്തിയത്. അവസാന മണിക്കൂറിൽ റോഡിൽ പ്രവർത്തകർക്കൊപ്പം നടന്നു വോട്ടു തേടുകയായിരുന്നു ഒല്ലൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. ഇത്തവണ വിജയം ഉറപ്പെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ജെ ആർ പദ്മകുമാറിന് വേണ്ടി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുത്തു.
അതേസമയം ഭൂരിപക്ഷം മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം സ്ഥാനാർത്ഥികൾ പരസ്യ പ്രചാരണത്തിൽ നിന്നും ഇന്ന് വിട്ടുനിന്നു. കോഴിക്കോട് പയ്യാനക്കലിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശത്തിനിടെ ഏറ്റമുട്ടി. നാല് യുഡിഎഫ് പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു. ഇതൊഴിച്ചു നിർത്തിയാൽ പ്രചാരണത്തിൻ്റെ സമാപനദിവസം സമാധാനപരമായിരുന്നു.