ഹൈക്കമാൻഡിന് അതൃപ്തി, ഉമ്മൻചാണ്ടിയും രമേശും തിരികെ വന്നത് തർക്കം പറഞ്ഞു തീർക്കാൻ

സ്ഥാനാർത്ഥി നിർണയത്തിൽ പൊതുധാരണയിലെത്താൻ ഇപ്പോഴും ഗ്രൂപ്പ് നേതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് പ്രധാനപ്രശ്നം. ഇതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയാണുള്ളത്. സ്ഥാനാർത്ഥി നിർണയം ഇത്ര വൈകുന്നതെന്ത് എന്നാണ് ഹൈക്കമാൻഡിന്‍റെ ചോദ്യം.

kerala assembly elections 2021 high command is not satisfied on delay in candidate list

ദില്ലി/ തിരുവനന്തപുരം: കോൺഗ്രസിലെ സ്ഥാനാ‍ർത്ഥിനിർണയത്തർക്കം അനന്തമായി നീളുന്നതിന് കാരണം ഗ്രൂപ്പ് തലത്തിലെ സമ്മർദ്ദം തന്നെ. നേമം എന്ന നിർണായകമായ മണ്ഡലത്തിന് പുറമേ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ സീറ്റുകളിൽ ഇപ്പോഴും തർക്കം തുടരുകയാണ്. പത്ത് സീറ്റുകളെച്ചൊല്ലി കോൺഗ്രസിലെ ബാക്കി 81 സീറ്റുകളിലെയും സ്ഥാനാർത്ഥിപ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. 

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങിയത് തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളുമായി സമവായചർച്ച നടത്താനാണ്. പ്രശ്നങ്ങൾ ഇന്നത്തോടെ പറഞ്ഞു തീർത്ത് നാളെ എങ്ങനെയെങ്കിലും സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്നതാകും ഇരുവരുടെയും മുന്നിലുള്ള ദൗത്യം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുന്നു. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. 

പട്ടിക ചർച്ച ചെയ്യുമ്പോൾ സ്ഥാനാർത്ഥിമോഹികൾ ദില്ലിക്ക് വണ്ടി കയറേണ്ടതില്ല, സാധ്യത പട്ടിക മാധ്യമങ്ങളിലൂടെ ചർച്ചയാക്കരുത്, വെള്ളിയാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കണം - ഇതൊക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ മുന്നോട്ടു വച്ച നിർദ്ദേശം.  സ്ഥാനാർത്ഥികൾ ഇത്തവണത്തെ വിജയം നിർണ്ണയിക്കും എന്ന നിലപാട് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമിതിയിൽ ആവർത്തിച്ചു. അമ്പത് ശതമാനത്തിലധികം പുതുമുഖങ്ങളും വനിതകളും യുവാക്കളുമാണ് പട്ടികയിലെന്ന് സംസ്ഥാന നേതാക്കൾ പ്രതികരിച്ചു. പത്തു സീറ്റുകളിൽ ധാരണയാവാത്തതിൽ കേന്ദ്ര നേതാക്കൾ അതൃപ്തി അറിയിച്ചു. എന്നാൽ പല മണ്ഡലങ്ങളിലും ഹൈക്കമാൻഡ് സർവ്വേയിലെ സ്ഥാനാർത്ഥികളുടെ നിർദ്ദേശം കൂടി വന്നതു കൊണ്ടാണ് പട്ടിക വൈകുന്നതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. ഹൈക്കമാൻഡ് നിർദ്ദേശം സീറ്റാഗ്രഹിച്ച് നിന്ന മറ്റു നേതാക്കളെ ബാധ്യപ്പെടുത്തേണ്ടി വരും.

നേമത്ത് ശക്തമായ മത്സരം നടക്കണം എന്ന് എഐസിസി നിർദ്ദേശിച്ചു. എന്നാൽ ആരുടെയും പേര് പറഞ്ഞില്ല. മുതിർന്ന നേതാക്കളുടെ ഉൾപ്പടെ പേര് കൂട്ടായി ആലോചിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടത്. എന്ാൽ ഈ നിർദ്ദേശം മണ്ഡലം വിട്ടുമാറാൻ ആഗ്രഹമില്ലാത്ത മുതിർന്ന നേതാക്കളെ വെട്ടിലാക്കി. ചർച്ച നീണ്ടു പോകാൻ ഇതും കാരണമായി. നേമം അനാവശ്യമായി ചർച്ചയാക്കി എന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നേമത്ത് എംപിമാരുടെ പേര് സംസ്ഥാന നേതാക്കൾ നിർദ്ദേശിച്ചാലും പരിഗണിക്കും എന്നായിരുന്നു എഐസിസി അവസാനം നല്കിയ സൂചന. എന്നാൽ ശശി തരൂരിൻറെയും കെ മുരളീധരൻറെയും പേര് സംസ്ഥാനത്ത് നിന്ന് വന്നില്ല. 

സർവ്വെകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി വിലയിരുത്തി ചില നിർദ്ദേശങ്ങൾ നല്കുക മാത്രമായിരുന്നു എന്നാണ് എഐസിസി വ്യത്തങ്ങൾ പറയുന്നത്. സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷത്തെയും സംസ്ഥാന നേതാക്കളുടെ ശുപാർശപ്രകാരം തന്നെയാണ് തീരുമാനം എടുത്തതെന്നും നേതൃത്വം വിശദീകരിക്കുന്നു. 

ഇതിനിടെ, ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക വരുന്നത് വരെ കാത്തിരുന്നാലോ എന്ന ആലോചനയും ഇന്നലെ നടന്നിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പുറത്തുവിട്ടാൽ സീറ്റ് കിട്ടാത്ത അതൃപ്തർ പാർട്ടി വിട്ടാലോ എന്ന ആശങ്കയുണ്ടായിരുന്നു സംസ്ഥാനകോൺഗ്രസ് നേതൃത്വത്തിന്. പാർട്ടി വിട്ട് ബിജെപിയിൽ പോയാൽ അത് വലിയ ക്ഷീണമാവുകയും ചെയ്യും.

പുതുപ്പള്ളി തന്‍റെ ആത്മാവാണെന്ന് പറയാറുള്ള ഉമ്മൻചാണ്ടിയുടെ അതേ ശൈലി കടമെടുത്ത് ഹരിപ്പാട് തന്‍റെ അമ്മയാണെന്നാണ് ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.താൻ ഹരിപ്പാട് തന്നെ മത്സരിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. എൽഡിഎഫിലുണ്ടായ അത്ര പ്രതിഷേധങ്ങൾ കോൺഗ്രസിലില്ലെന്നും ഇന്ന് രാവിലെ കൊച്ചിയിൽ മടങ്ങിയെത്തിയ ചെന്നിത്തല പറഞ്ഞു. താൻ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചു എന്നു പറഞ്ഞത് ഊഹാപോഹം മാത്രമെന്ന് ചെന്നിത്തല പറയുന്നു. നേമത്തെ സ്ഥാനാർഥി ആരാണെന്ന് കാത്തിരുന്നു കാണാം എന്ന് മാത്രമാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. 

പ്രശ്നങ്ങൾ എവിടെയൊക്കെ? എന്തെല്ലാം?

ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, ശിവദാസൻ നായർ, കെ ബാബു, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ് എന്നിവരുടെയെല്ലാം സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് വലിയ ഗ്രൂപ്പ് തർക്കവും വഴക്കും നടക്കുന്നത്. 

കൊല്ലത്ത് മാത്രമേ മൽസരിക്കൂ എന്നാണ് പി സി വിഷ്ണുനാഥ് വാശി പിടിക്കുന്നത്. വിഷ്ണുനാഥിനായി ഉമ്മൻചാണ്ടി വാദിക്കുന്നുണ്ട്. ബിന്ദുകൃഷ്ണയോട് കുണ്ടറ മൽസരിക്കണമെന്ന് രമേശും, മുല്ലപ്പള്ളിയും പറഞ്ഞുനോക്കി. കൊല്ലമില്ലെങ്കിൽ മൽസരത്തിനില്ല എന്ന നിലപാടിലാണ് ബിന്ദു കൃഷ്ണ. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുന്നത്. എങ്കിലും കിട്ടുന്ന സന്ദേശം ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തം തന്നെ നടക്കുമെന്നാണ്. 

ബിന്ദു കൊല്ലത്തെങ്കിൽ ചാത്തന്നൂരിൽ എൻ.പീതാംബര കുറുപ്പോ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അരുൺ രാജോ (രണ്ടും നായർ സമുദായം) മത്സരിച്ചേക്കും. ബിന്ദു മൽസരിക്കുന്നില്ലെങ്കിൽ ചാത്തന്നൂരിൽ നെടുങ്ങോലം രഘു ( ഈഴവ സമുദായം) കളത്തിലിറങ്ങും. ബിന്ദു കുണ്ടറയിലും മൽസരിക്കാത്ത സാഹചര്യം വന്നാൽ കുണ്ടറയിൽ എൻഎസ്‍യുഐ നേതാവ് എറിക് സ്റ്റീഫൻ രംഗത്തിറങ്ങും. 

കെ ബാബുവിനും കെ സി ജോസഫിനും സീറ്റ് നൽകണമെന്ന് ശക്തമായി ഉമ്മൻചാണ്ടി വാദിക്കുന്നുണ്ട്. എത്രത്തോളം ഇക്കാര്യം ഹൈക്കമാൻഡ് പരിഗണിക്കുമെന്നത് കണ്ടറിയണം. കാഞ്ഞിരപ്പള്ളിയിൽ സി ആർ മഹേഷോ അതോ ജോസഫ് വാഴയ്ക്കനോ എന്നതാണ് തർക്കം.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്‍റെ പേര് പട്ടികയിലില്ല എന്നാണ് സൂചന. ലതികയെ പുതുപ്പള്ളിയിലേക്ക് ഉമ്മൻചാണ്ടി വിളിപ്പിച്ചിട്ടുണ്ട്. നിലമ്പൂരിൽ ടി സിദ്ദിഖ് വേണോ, വിവി പ്രകാശ് വേണോ, ആര്യാടൻ ഷൗക്കത്ത് വേണോ എന്നതാണ് തർക്കം. പട്ടാമ്പിയിൽ ടി സിദ്ദിഖിന് സീറ്റ് നൽകണോ അതോ കെഎസ്ബിഎ തങ്ങൾക്ക് സീറ്റ് നൽകണോ എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമാണ്. പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങൾക്കെതിരെ പ്രാദേശികമായി വലിയ എതിർപ്പാണുള്ളത്. തൃപ്പൂണിത്തുറയിൽ വേണു രാജാമണിക്ക് സീറ്റ് നൽകാനാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്‍റെ താൽപ്പര്യം. എന്നാൽ കെ ബാബുവിന് വേണ്ടി ശക്തമായി വാദിച്ച് ഉമ്മൻചാണ്ടി രംഗത്തുണ്ട്. കൽപ്പറ്റയിൽ സീറ്റ് സജീവ് ജോസഫ്, പി ഡി സജി, കെ സി റോസക്കുട്ടി എന്നിവരിൽ ആർക്ക് നൽകണമെന്നതിൽ വ്യക്തതയില്ല. ആറൻമുളയിൽ പി മോഹൻരാജ്, ശിവദാസൻ നായർ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരിൽ ആര് വേണമെന്ന് തീരുമാനമായിട്ടില്ല. തവനൂരിൽ ഫിറോസം കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിക്കാനെത്തുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ട്.

ഈ പത്ത് സീറ്റുകളിലെയും പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒരു ദിവസം കൊണ്ട് സാധിക്കുമോ എന്ന് കണ്ടറിയണം. പട്ടിക വൈകുന്തോറും പ്രചാരണത്തിന് സമയം കുറയുകയാണ്. തെരഞ്ഞെടുപ്പിനിനി രണ്ടാഴ്ചയോളം മാത്രമാണ് ബാക്കി.

 

Latest Videos
Follow Us:
Download App:
  • android
  • ios